കൊച്ചി: ആരോഗ്യ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റിലൈസേഷന്‍ സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെയും ലബോറട്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളുടെ ഗുണഫലം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 250 ആശുപത്രികള്‍ പേപ്പര്‍ രഹിത ആശുപത്രികളാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ രീതി പ്രവര്‍ത്തികമാക്കുമെന്നും നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ആശുപത്രികളിലെ ലാബുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ മികച്ച ചികിത്സാ രീതി നല്‍കുന്നതിന് നിര്‍ണ്ണയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് തല ഭിന്നശേഷി ലിസ്റ്റ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.