മുംബൈ: മുംബൈയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ വന്‍ നാശ നഷ്ടം. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴയെ തുടര്‍ന്ന് ഒന്നര മുതല്‍ രണ്ട് അടിവരെ ഉയരത്തില്‍ വെള്ളം കയറിയതോടെ അന്ധേരി സബ്വെ അടച്ചു. മലാഡില്‍ കനത്തമഴയില്‍ മരംകടപുഴകി വീണ് 38കാരന്‍ മരിച്ചതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. അഞ്ച് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചൊവ്വാഴ്ച മാത്രം മുംബൈ നഗരത്തില്‍ 104 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. താനെയിലും വെള്ളക്കെട്ടും ഗതാഗത തടസവും അനുഭവപ്പെട്ടു. താനെയില്‍ വീട് ഇടിഞ്ഞ് 36കാരിയ്ക്ക് പരിക്കേറ്റു. മുംബൈയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.