തൃശൂർ∙ തൃശൂര്‍– പാലക്കാട് ദേശീയപാതയില്‍ വിള്ളല്‍. റോഡ് ഇടിയാന്‍ സാധ്യതയുണ്ട്. ദേശീയപാതയില്‍ വടക്കുംപാറ ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ഗതാഗതം ഒറ്റവരിയാക്കി ചുരുക്കി. പാതയുടെ ഒരുവശത്ത് പൂർണമായും വിള്ളലുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണു നിലവിലുള്ളതെന്നു പ്രദേശവാസികൾ പറയുന്നു. പാത ഏതു നിമിഷവും മുപ്പതടി താഴ്ചയിലേക്ക് ഇടിഞ്ഞുവീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പാലക്കാടുനിന്ന് തൃശൂരിലേക്കു വരുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് 300 മീറ്റർ മാറിയാണ് വിള്ളലുണ്ടായിരിക്കുന്നത്.
അശാസ്ത്രീയമായാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. മുൻപ് സമാനമായ സാഹചര്യം ഉണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് അന്നത്തെ കലക്ടർ ഉറപ്പു നൽകിയിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി. കേവലം മണ്ണിട്ടുമാത്രമാണ് നിർമിച്ചിരിക്കുന്നത്. ഏത് നിമിഷവും നിലംപൊത്താവുന്ന സാഹചര്യമുണ്ടെന്നു അവർ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരനടപടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.