കൊച്ചി: അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി അയാളുടെ ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എറണാകുളം തമ്മനം എകെജി നഗർ സ്വദേശിയും നിലവിൽ ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി ഹൗസിൽ താമസവുമായ വിഷ്ണു രാജേഷ് (25) ആണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ 24ന് പുലർച്ചെ മൂന്നര മണിയോടെ ആണ് സംഭവം.
കൂട്ടുകാരന്റെ ബൈക്കിൽ എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന പരാതിക്കാരൻ തമ്മനത്ത് വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ബൈക്ക് കാലിന് മുകളിൽ വീണത് കൊണ്ട് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന പരാതിക്കാരനെ ഈ സമയം അതുവഴി വന്ന വിഷ്ണു എഴുന്നേൽപ്പിച്ച് അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ കയറ്റി എറണാകുളം സർക്കാര്‍ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് പരിക്കേറ്റ ആളെ ഡോക്ടറെ പരിശോധിക്കുന്ന സമയം പ്രതിയായ വിഷ്ണു പരാതിക്കാരന്റെ വാഹനവുമായി കടന്നു കളയുകയായിരുന്നു.
തുടർന്ന് പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് ബൈക്ക് മോഷ്ടാവ് പല കേസുകളിലും പ്രതിയായ വിഷ്ണു ആണെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്തിലുള്ള പ്രിൻസിപ്പൽ എസ്ഐമാരായ അഖിൽ കെ പി, അനൂപ് സി, ഹാരിസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിജേഷ്, ഷിഹാബ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.