തിരുവനന്തപുരം: വിഭാഗീയതക്ക് എതിരായ നടപടികൾ മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിൻറെ മുന്നൊരുക്കങ്ങൾ വരെ ചര്‍ച്ച ചെയ്യാൻ സിപിഎം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. തെറ്റുതിരുത്തൽ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികൾ ഗുണം ചെയ്തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മന്ത്രിസഭയിൽ അഴിച്ചുപണിക്കുള്ള ചർച്ചകളുമുണ്ടാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
പ്രാദേശിക തലത്തിൽ വിഭാഗീയത ആളിപ്പടര്‍ന്ന പാലക്കാട്, പ്രമുഖര്‍ക്കെതിരെ പോലും നടപടി വന്ന ആലപ്പുഴ, ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ വീഴ്ചകൾ വലുതെന്ന് വിലയിരുത്തിയ തൃക്കാക്കര, ഇവിടങ്ങളിലെല്ലാം എല്ലാ കാര്യങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വരുതിയിലെന്ന് ഉറപ്പിക്കുകയാണ് സിപിഎം. വിഭാഗീയതക്കെതിരെ എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനവും മുഖം നോക്കാതെയുള്ള നടപടികളും ഗുണം ചെയ്തെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.
സംഘടനാ തലത്തിൽ അച്ചടക്കം ഉറപ്പിച്ചും സര്‍ക്കാര്‍ നേട്ടങ്ങൾ കൂടി എണ്ണിപ്പറഞ്ഞുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഎം ചുവടുവയ്ക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾക്കൊപ്പം പൊതുവെ സ്വീകരിക്കേണ്ട നയസമീപനങ്ങളും ചര്‍ച്ചയാക്കേണ്ട വിഷയങ്ങളും എല്ലാം ഇന്ന് ആരംഭിക്കുന്ന നേതൃയോഗത്തിൽ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴെ തട്ടുമുതൽ പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ പാര്‍ട്ടി മുന്നണി സംഘടനാ സംവിധാനങ്ങൾക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ബഹുജനറാലികളടക്കം പരിപാടികൾ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുകയും ചെയ്തു.
സ്ഥാനാര്‍ത്ഥി അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടെങ്കിലും ഔദ്യോഗിക ചര്‍ച്ചകൾ ഇതുവരെ നടന്നിട്ടില്ല. രണ്ടാം വാർഷികത്തിന് പിന്നാലെ മന്ത്രിസഭയിൽ മുഖം മിനുക്കലിന് പാർട്ടി തയ്യാറെടുക്കുന്നുവെന്ന സൂചനകളും ഉയരുന്നുണ്ട്. മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങൾ വന്നേക്കുമെന്നാണ് അഭ്യൂഹം. വിഭാഗീയതക്ക് വിലങ്ങിട്ടെന്ന് സംസ്ഥാന നേതൃത്വം ആശ്വസിക്കുമ്പോഴും എസ്എഫ്ഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അടക്കം വിമര്‍ശനങ്ങൾ നേതൃയോഗത്തിലുണ്ടാകും. മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും എതിരായ കേസുകളും ചര്‍ച്ചയാകും. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി ശക്തിധരൻ ഉന്നയിച്ച കൈതോലപ്പായയിലെ പണക്കടത്ത് വിവാദം പ്രതികരണം അര്‍ഹിക്കുന്നതല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ പരസ്യ നിലപാട്.