പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ പനി ബാധിതർ നിറയുമ്പോൾ തൊട്ടടുത്ത കോന്നി മെഡിക്കൽ കോളേജ് നോക്കുകുത്തിയാകുന്നുവെന്ന ആക്ഷേപം ശക്തം. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. എന്നാൽ സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. രോഗികളുടെ കൂട്ടിരുപ്പുകാർ തന്നെ ചിത്രീകരിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വൈറൽ പനി മുതൽ ഡെങ്കി ബാധിച്ചവർ വരെ ഒരേ വാർഡിലാണ് ജനറൽ ആശുപത്രിയിൽ കഴിയുന്നത്. കിടക്കകളെല്ലാം നിറഞ്ഞിട്ട് ദിവസങ്ങളായി. രോഗം കലശലായാൽ രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.