തിരുവനന്തപുരം > ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023ന് നാമനിർദേശങ്ങൾ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഈ സാമ്പത്തിക വർഷം ഇരുപത് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക. നാമനിർദ്ദേശത്തോടൊപ്പം നിർദ്ദിഷ്‌ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കണം. നാമനിർദ്ദേശങ്ങൾ സാമൂഹ്യനീതി ഡയറക്ടറേറ്റിലേക്കോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്കോ ആണ് നൽകേണ്ടത്.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (ഗവ/പൊതുമേഖല), മികച്ച ജീവനക്കാരൻ (സ്വകാര്യമേഖല), സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽദായകർ, ഭിന്നശേഷിമേഖലയിൽ പ്രവർത്തിക്കുന്ന മികച്ച എൻജിഒ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള മികച്ച മാതൃകാവ്യക്തി, മികച്ച സർഗ്ഗാത്മക കഴിവുള്ള ഭിന്നശേഷി കുട്ടി, ഭിന്നശേഷിയുള്ള മികച്ച കായിക താരം, ഭിന്നശേഷി വിഭാഗത്തിൽ നിന്ന് ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ, ഭിന്നശേഷിമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ഭിന്നശേഷിമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്,എൻജിഒകൾ നടത്തിവരുന്ന ഭിന്നശേഷിമേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യനീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമ സ്ഥാപനം, ഭിന്നശേഷിസൗഹൃദ സ്ഥാപനം(സർക്കാർ/സ്വകാര്യ മേഖലകൾ, സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്ററുകൾ, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായകമാകുന്ന പുതിയ പദ്ധതികൾ/ഗവേഷണങ്ങൾ/സംരംഭങ്ങൾ എന്നിവർക്ക് നാമനിർദ്ദേശം നൽകാം.
ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സെപ്റ്റംബർ 15 ആണ് നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കുമന്നും മന്ത്രി അറിയിച്ചു.