മനാമ> ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ശനിയാഴ്‌ച സമാപിക്കും. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് (തവാഫ് അൽ-വിദ) നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്‌തിയാകും. നിരവധി ആഭ്യന്തര തീർഥാടകരും ജിസിസി രാജ്യങ്ങളിലെ തീർഥാടകരും വെള്ളിയാഴ്ച തന്നെ കർമ്മങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്ന് മടങ്ങി തുടങ്ങി. തിരക്കുള്ള തീർഥാടകർക്ക് വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് മുൻപ് മിനായിൽ നിന്ന് മക്കയിൽ ചെന്ന് ചടങ്ങ് പൂർത്തിയാക്കാൻ അനുവാദമുണ്ട്. അല്ലാത്തവർ മിനായിൽ ഒരു രാത്രി കൂടി തങ്ങി ശനിയാഴ്ച കല്ലെറിയൽ ചടങ്ങ് പൂർത്തിയാക്കി മിന വിടും.
ജംറ പാലത്തിലെ തിരക്ക് ഒഴിവാക്കാനും വിട വാങ്ങൾ ത്വവാഫ് നിർവഹിക്കാനും മസ്ജിദുൽ ഹറമിലേക്കുള്ള സുഗമമായ സഞ്ചാരം ഉറപ്പാക്കാനുമായി വെള്ളി, ശനി ദിവസങ്ങൾക്കായി പ്രത്യേക ക്രമീകരണം ഹജ്ജ് പ്രസഡിൻസി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് തീർഥാടകരെ ഗ്രൂപ്പായാണ് അയക്കുന്നത്. ഓരോ ഗ്രൂപ്പിനും പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നിശ്ചയിച്ച സമയത്ത് മിനായിലെ ക്യാമ്പുകളിൽ നിന്ന് തീർഥാടകർ ജംറ കോംപ്ലക്‌സിലേക്ക് കല്ലെറിയൽ കർമ്മത്തിനായി നീങ്ങി. തീർഥാടകർ മശാഇർ ട്രെയിനിലും ബസുകളിലും ജമറാത്തിലെത്തി. ജംറക്ക് സമീപമുള്ള ടെന്റുകളിലെ തീർഥാടകർ കാൽനടയായാണ് പോയത്. 85,000 ഇന്ത്യൻ തീർഥാടകർ മെട്രോ വഴിയാണ് ജംറയിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുളള തീർഥാടകരും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കി.
ഹജജ് പെർമിറ്റ് ഇല്ലാത്ത 1,59,188 പേരെ മടക്കി അയച്ചു. 150 രാജ്യക്കാരായ 18,45,045 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിച്ചത്. 1,75,025 പേർക്കാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 11,252 തീർഥാടകർ ഇത്തവണ ഹജ്ജിന് എത്തി. ഇവർ ജൂലൈ 13 മുതൽ കേരളത്തിലേക്ക് മടങ്ങും.
ഹജ്ജിനെത്തിയ വിവിധ രാജ്യക്കാരായ 230 പേർ ഇതുവരെ മരിച്ചു. കനത്ത ചൂടാണ് മക്കയിൽ അനുഭവപ്പെടുന്നത്. പകൽ ചൂട് 48 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഹജ്ജ് ആരംഭിച്ച ശേഷം ഇതുവരെ 6700 പേർ ചൂട് മൂലമുള്ള ശാരീരിക വിഷമങ്ങൾ കാരണം ചികിത്സ തേടി. ഇതിൽ 2000 ൽ അധികം പേർ സൂര്യാഘാതം ഏറ്റവരാണ്.