തിരുവനന്തപുരം: ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവന്റെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്ന മറ്റു ഗ്രഹങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ചാന്ദ്രയാൻ ദൗത്യം നിർണായകമാകും. ജൂലൈ 13ന് ചാന്ദ്രയാൻ മൂന്നിന്റെയും 23ന് പിഎസ്എൽവി 56ന്റെയും വിക്ഷേപണത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്.
ചന്ദ്രനിൽനിന്ന് ഭൂമിയെ വിശകലനം ചെയ്യുക, ഭൂമിയുടെ പ്രത്യേകതകൾ ബഹിരാകാശത്തുനിന്ന് രേഖപ്പെടുത്തുക, ജീവന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്ന ഗ്രഹങ്ങളുമായി ഈ വിവരങ്ങൾ താരതമ്യം ചെയ്യുക തുടങ്ങിയവയാണ് ചാന്ദ്രയാന്റെ പ്രധാന ലക്ഷ്യങ്ങൾ. ഷെയിപ് എന്നു വിളിക്കുന്ന ഉപകരണ ശൃംഖലയാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്.