ഇംഫാൽ: ബീരേൻ സിംഗിന്റെ രാജി നാടകത്തിൽ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ബീരേൻ സിംഗ് രാജി വയ്ക്കാനുള്ള തീരുമാനം ഇല്ലായിരുന്നു എന്ന് കേന്ദ്ര നേതൃത്വം. പാർലമെൻററി ബോർഡാണ് തീരുമാനിക്കേണ്ടത് എന്നും നേതാക്കൾ എല്ലാവരും അറിഞ്ഞുള്ള നാടകമെന്ന് കോൺഗ്രസ് വിമർശിച്ചു. മണിപ്പൂരിൽ സ്കൂളുകൾക്കുള്ള അവധി ഈ മാസം എട്ടു വരെ നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാൻ തീരുമാനം.
കലാപകലുഷിതമായ മണിപ്പൂരിൽ രാഷ്ട്രീയ നാടകങ്ങളും നിറയുകയാണ്. പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം പടർന്നതോടെ അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ബീരേൻ സിങ് രാജിവെക്കരുതെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ളവരുടെ സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീർത്തു. മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം അറിയിച്ചാണ് വസതിക്ക് മുന്നില്‍ സ്ത്രീകളുടെ സംഘമെത്തിയത്. വൈകിട്ട് ഗവർണറെ കാണാനിറങ്ങിയ ബീരേന്‍ സിംഗിന്റെ വാഹനത്തെ തടഞ്ഞും സ്ത്രീകളടങ്ങുന്ന സംഘം രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണച്ച് എത്തിയവർ വാഹനം തടഞ്ഞതോടെ ബീരേന്‍ സിങ് വസതിയിലേക്ക് മടങ്ങി. ഒടുവിൽ അനുയായികൾക്ക് ഒപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറിഞ്ഞു.
അതേ സമയം,കലാപ ബാധിതരെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി മെയ്ത്തെയ് ക്യാമ്പുകളിലെത്തി. ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുമില്ലെന്നും ജനങ്ങൾ പ്രയാസത്തിലാണെന്നും ക്യാമ്പ് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ആരോപിച്ചു. സന്ദർശനത്തിന് പിന്നാലെ ഗവർണറുമായി രാഹുൽ കൂടിക്കാഴ്ച നടത്തി.