കൊല്ലങ്കോട്: സി.പി.എം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയവർ ജില്ല കമ്മിറ്റിക്ക് അപ്പീൽ നൽകും. കഴിഞ്ഞദിവസം സി.പി.എം ജില്ല സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, കെ.എസ്. സലീഖ, ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുതുനഗരം ലോക്കൽ സെക്രട്ടറി ടി.എം. അബ്ദുല്ലത്തീഫ്, കൊല്ലങ്കോട് ലോക്കൽ സെക്രട്ടറി കെ. സന്തോഷ് കുമാർ, സതി ഉണ്ണി എന്നിവരെ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. ലോക്കൽ സെക്രട്ടറിമാർ തൽസ്ഥാനത്ത് തുടരുമെങ്കിലും ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ഒരു വിഭാഗം പഞ്ചായത്തിലെ പട്ടികജാതി ഓഫിസിലേക്ക് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുതലമടയിൽനിന്നുള്ള കൊല്ലങ്കോട് ഏരിയ കമ്മിറ്റിയംഗം കെ. സിയാവുദ്ദീനെ മുതലമട ലോക്കൽ കമ്മിറ്റിയിലേക്കും ലോക്കൽ സെക്രട്ടറി കെ. വിനേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ബേബി സുധ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
സി.പി.എമ്മിന്റെ കൊടികൾ വ്യാപകമായി ഉപയോഗിച്ച് സി.പി.എം ഭരിക്കുന്ന കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു സംഘം സമരവുമായെത്തിയത് വ്യാപകമായ ചർച്ചകൾക്കാണ് വഴിവെച്ചത്. വിഷയം പരിശോധിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ. കണ്ണനുണ്ണി, കെ. രാജൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് റിപ്പോർട്ട് നൽകിയത്.
കൊല്ലങ്കോട് ഏരിയ കമ്മിറ്റി പാനലിൽ ഉൾപ്പെട്ട് വോട്ടെടുപ്പിൽ പരാജയപ്പെട്ട മുൻ ഏരിയ സെക്രട്ടറി യു. അസീസ്, എലവഞ്ചേരി ലോക്കൽ സെക്രട്ടറി കെ. രാജേഷ്, എം.എ. ഗണേശൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. രാധാ പഴണിമല, പി.എസ്. പ്രമീള എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു.