ചേർത്തല: ബസ് തൊഴിലാളികളുടെ വാക്തർക്കത്തെ തുടർന്ന് ആറു സ്വകാര്യ ബസ് തല്ലിത്തകർത്തു. സ്വകാര്യ ബസ്സ്റ്റാൻഡിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.ചേർത്തല സ്വകാര്യ ബസ്സ്റ്റാൻഡിലിട്ടിരുന്ന മൂന്നും പട്ടണക്കാട്ട് രണ്ടും വയലാർ കവലയിൽ ഒരു ബസുമാണ് തകർത്തത്. പട്ടണക്കാട് അച്ചൂസിൽ വി.എസ്. സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി സ്റ്റാൻഡിൽ തൊഴിലാളികൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിരുന്നു.
സംഘര്‍ഷത്തിൽ പരിക്കേറ്റ ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു എസ്. സാബു (32), വാരനാട് പടിക്കേപറമ്പുവെളി എസ്. ശബരിജിത് (26) എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണമെന്നാണ് വിലയിരുത്തല്‍. പരാതിയെ തുടര്‍ന്ന് ചേര്‍ത്തല, പട്ടണക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ചേര്‍ത്തല-എറണാകുളം, അരൂര്‍മുക്കം, ചെല്ലാനം റൂട്ടുകളിലോടുന്ന ബസുകളാണ് തകര്‍ത്തത്. സംഭവത്തിൽ ചേര്‍ത്തല താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
ആക്രമികളെ പിടികൂടിയില്ലെങ്കിൽ നാലു മുതൽ ബസുകൾ സർവിസ് നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് അസോസിയേഷൻ യോഗം മുന്നറിയിപ്പു നല്കി. സെക്രട്ടറി ആർ. ബിജുമോൻ, ജില്ല സെക്രട്ടറി എസ്.എസ്. ദിനേശ്കുമാർ, ഗോപു, സംസ്ഥാന കമ്മിറ്റിയംഗം എസ്. ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു. തൊഴിലാളികളെ മർദിച്ചതിൽ ബി.എം.എസ് പ്രൈവറ്റ് ബസ്സ്റ്റാൻഡ് യൂനിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് എം. മോനിഷ്, സെക്രട്ടറി പി. സലീഷ് എന്നിവർ സംസാരിച്ചു.