കുവൈത്ത് സിറ്റി: ലഗേജിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുുന്ന് ശേഖരവുമായി വിദേശി കുവൈത്തില്‍ പിടിയിലായി. ഒരു അറബ് രാജ്യത്തു നിന്നെത്തിയ യുവാവ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. ഒരു കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതിനു പിന്നാലെ ഇയാളുടെ ലഗേജ് വിശദമായി പരിശോധിച്ചു.
ലഗേജില്‍ പല സാധനങ്ങള്‍ക്കൊപ്പം നിരവധി ഷാംപൂ ബോട്ടിലുകളും ഉണ്ടായിരുന്നു. ലേബലുകളോടെ പുതിയതെന്ന് തോന്നിപ്പിക്കുന്ന പാക്കറ്റുകളിലായിരുന്നു ഇവ. എന്നാല്‍ ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് മയക്കു മരുന്നായ ഹാഷിഷ് ആണ് നിറച്ചിരിക്കുന്നതെന്ന് മനസിലായത്. 28 പാക്കറ്റ് ഹാഷിഷ് ഇങ്ങനെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഒരു തരത്തിലും സംശയം തോന്നാത്ത തരത്തിലും ഷാംപൂ ബോട്ടിലുകള്‍ പൊട്ടിച്ചിട്ടുണ്ടെന്ന് മനസിലാവാത്ത പോലെയുമായിരുന്നു ഇതിനുള്ളില്‍ വിദഗ്ദമായി ഹാഷിഷ് ഒളിപ്പിച്ചത്. എന്നാല്‍ കസ്റ്റംസ് ഓഫീസറുടെ ജാഗ്രതയില്‍ ഇതെല്ലാം പരാജയപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.