രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ദോഷം ചെയ്യും. ഗർഭകാല പ്രമേഹമുള്ള ഗർഭിണികളെയും ഇത് ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ബ്രെയിൻ ഫോഗ്, മങ്ങിയ കാഴ്ച, ചർമ്മത്തിലെ അണുബാധ എന്നിവയ്ക്കെല്ലാം കാരണമാകും.
പ്രമേഹരോഗികളിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഫ്രഞ്ച് ബയോകെമിസ്റ്റ് ജെസ്സി ഇഞ്ചാസ്‌പെ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
‘ബ്രെയിൻ ഫോഗ്…’
പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്നത് തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സിഗ്നലുകളുടെ വേഗത കുറയും. ഇത് ബ്രെയിൻ ഫോഗിന് കാരണാകും. പഞ്ചസാരയ്ക്ക് കോശങ്ങളിലേക്ക് എത്താൻ കഴിയാതെ വരുമ്പോൾ അത് രക്തപ്രവാഹത്തിൽ അടിഞ്ഞു കൂടുന്നു. ഇത് ഹൈപ്പർ ഗ്ലൈസീമിയയിലേക്ക് നയിക്കുന്നു. പെട്ടെന്നുള്ള ഈ സ്പൈക്ക് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും മൊത്തത്തിലുള്ള രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
‘ഹൃദയമിടിപ്പ് കൂടുക…’
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ ഒരു പ്രധാന ലക്ഷണം വർദ്ധിച്ച ഹൃദയമിടിപ്പ് ആണ്. പ്രമേഹരോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ അത് ഹൃദയമിടിപ്പ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ ഇത് സംഭവിക്കാതിരിക്കാൻ അത്താഴത്തിന് ആരോഗ്യകരമായ കുറഞ്ഞ ജിഐ ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.
‘മുടികൊഴിച്ചിൽ…’
ഉയർന്ന ഗ്ലൂക്കോസ് അളവ് ഒരു സ്ത്രീ ശരീരത്തിൽ ഉയർന്ന ടെസ്റ്റോസ്റ്റിറോണിന് കാരണമാകും. ഇത് തലയിൽ കഷണ്ടിയ്ക്കും മുഖത്ത് രോമവളർച്ചയ്ക്കും ഇടയാക്കും…- ജെസ്സി ഇഞ്ചാസ്പേ പറഞ്ഞു. രക്തപ്രവാഹത്തിൽ ഉയർന്ന ഗ്ലൂക്കോസ് സ്പൈക്ക് മുടിക്ക് കേടുവരുത്തും. ഷുഗർ ഉയരുന്ന സമയത്ത് പരിമിതമായ രക്തയോട്ടം കോശങ്ങൾക്ക് ഓക്‌സിജൻ ലഭിക്കുന്നില്ല. ഇത് മുടിയുടെ സാധാരണ വളർച്ചയെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.
‘ചർമ്മ പ്രശ്നങ്ങൾ…’
ശരീരത്തിൽ ചർമ്മത്തിന്റെ വരണ്ട പാടുകളിലേക്ക് നയിക്കുന്ന ഒരു കോശജ്വലന ചർമ്മ അവസ്ഥയാണ് എക്സിമ. പ്രമേഹമുള്ള ആളുകൾക്ക് എക്സിമ പോലുള്ള ചർമ്മരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് എക്‌സിമയോ അല്ലെങ്കിൽ മറ്റ് പല ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകും.
‘അമിത വിശപ്പ്…’
ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഇല്ലെങ്കിൽ ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. മതിയായ അളവിൽ ഇൻസുലിൻ ഇല്ലെങ്കിൽ ശരീരത്തിന് ഊർജ്ജത്തിനായി ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാൻ കഴിയില്ല. ഊർജ്ജമില്ലായ്മയാണ് സാധാരണയായി വിശപ്പ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.