ദില്ലി: തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ്. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നല്‍കി. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്. ഹൈബി ഈഡന്റെ ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇടപെടൽ നടത്തിയിരിക്കുന്നത്.
കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത് എത്തിയിരുന്നു. ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം.എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് പാലോട് രവി ഹൈബി ഈഡനെതിരെ രംഗത്ത് വന്നത്. എംപിയുടെ നിർദ്ദേശം തികച്ചും അപ്രായോഗികമാണെന്നും പാലോട് രവി കുറ്റപ്പെടുത്തി. നേരത്തേ മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ. മോഹൻ കുമാറും ഹൈബി ഈഡനെ വിമർശിച്ച് ഫേസ്ബക്കിൽ പോസ്റ്റിട്ടിരുന്നു. തികച്ചും ബാലിശമായ, തെറ്റായ ഈ നീക്കത്തെ അപലപിക്കുന്നുവെന്നും നരേന്ദ്ര മോദിക്ക്, ഇതിലെല്ലാം ഇടപെടാൻ ധാരാളം സമയമുണ്ടെന്ന് കണ്ടെത്തിയ എറണാകുളം എം പിയെ സമ്മതിക്കണം. ‘ഉടലിന്‍റെ മദ്ധ്യഭാഗത്തേക്ക് തല മാറ്റിവയ്ക്കണമെന്ന നിർദ്ദേശവും ഒരർത്ഥത്തിൽ ലോജിക്കൽ ആണെന്നുമായിരുന്നു മോഹൻ കുമാറിന്‍റെ പരിഹാസം.
ഹൈബിയുടെ നിർദ്ദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനും തള്ളിപ്പറഞ്ഞു. തലസ്‌ഥാനത്തെ സംബന്ധിക്കുന്ന ചർച്ച ഇപ്പോൾ അനാവശ്യമാണ്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂ- ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
ഹൈബിയുടെ സ്വകാര്യബില്ലിനെ വിമർശിച്ച് ആർഎസ്പിയും രംഗത്തെത്തി. ഇത്തരം ചർച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രൻ എംപി വിമർശിച്ചു. ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകള്‍ നേരത്തെയും ഉയർന്നിരുന്നു . ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തണ്‍ സമരങ്ങള്‍ വരെ തലസ്ഥാനത്തുണ്ടായി. ഇത്തരം ചർച്ചകള്‍ക്കിടെയാണ് കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന് ഹൈബി ഈഡൻ അനുമതി തേടിയത്. കേരളത്തിൻെറ വടക്കേ അററത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്. സംസ്ഥാന നിലപാട് കേന്ദ്രം ആരാഞ്ഞു. ബില്ലിൽ ശക്തമായ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.