കുട്ടനാട്: ആലപ്പുഴ തലവടിയില്‍ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ തലവടി ഫെഡറൽ ബാങ്കിന് മുകളിലെ എക്കോസ് ബിൽഡിംഗിൽ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്. പരുത്തിക്കാട്ടിൽ ചാക്കോ മാത്യു, പഴയ ചിറയിൽ രഘുനാഥൻ, മൂന്നുപറയിൽ സിജോ സെബാസ്റ്റ്യൻ, ചെറുകുന്നേൽ സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ കയറിയവരുടെ ഹെൽമറ്റിൽ കടന്നുകൂടിയ തേനീച്ച ഇവരെ ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാനായി ഹെൽമറ്റ് ഊരിയെറിഞ്ഞതോടെ കൌണ്ടറിലും പരിസരത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ തേനീച്ചകള്‍ പാഞ്ഞെത്തുകയായിരുന്നു. എടിഎമ്മിന്‍റെ സമീപത്ത് ലോട്ടറി വിൽപ്പന നടത്തുന്ന ശ്രീനാരായണ ലോട്ടറി കടയുടമ രഘുനാഥിനെ ക്രൂരമായി തേനീച്ച ആക്രമിച്ചു. സമീപത്തുണ്ടായവർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചാക്കോ മാത്യുവിനേയും രഘുനാഥിനേയും അടിയന്തിര ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒടുവില്‍ എടത്വാ പൊലീസിന്റെ നേതൃത്വത്തിൽ തേൻ ശേഖരിക്കുന്ന ഹരിപ്പാട് സ്വദേശികളെ സ്ഥലത്ത് എത്തിച്ച് തേനീച്ചയെ പിടികൂടുകയായിരുന്നു.