ആറ് വയസുകാരിയായ മകളോട് അവള്‍ക്കുള്ള സ്കൂള്‍ ഉച്ചഭക്ഷണം ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ച അമ്മയെ രൂക്ഷമായി വിമര്‍ശിച്ച് നെറ്റിസണ്‍സ്. രാവിലെ സ്കൂളില്‍ പോകുന്നതിന് മുമ്പായി ആവശ്യമുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കി പൊതിഞ്ഞെടുക്കാന്‍ കഴിയാതെ പോയ കുട്ടിയോട് സ്കൂളില്‍ വിശന്നിരിക്കാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്ക് നേരെയായിരുന്നു നെറ്റിസണ്‍സിന്‍റെ രോഷപ്രകടനം. ആറ് വയസുകാരിയുടെ അമ്മയും യൂട്യൂബറുമായ റൂബി ഫ്രാങ്കെ, ‘മകള്‍ക്ക് ഉച്ചയ്ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് പറയുന്ന സ്കൂള്‍ ടീച്ചറുടെ സന്ദേശം ലഭിച്ചെന്നും തനിക്ക് ടീച്ചറില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഇത്തരം മെസേജുകള്‍ ലഭിക്കാറുണ്ടെന്നും പറഞ്ഞു കൊണ്ട് ചെയ്ത ടിക്ക് ടോക്ക് വീഡിയോ വൈറലായതിന് പിന്നാലെയാണ് അമ്മ റൂബി ഫ്രാങ്കെയ്ക്കെതിരെ നെറ്റിസണ്‍സ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘അവൾ വിശന്നിരിക്കുന്നതും ഉച്ചഭക്ഷണം കഴിക്കാത്തതും അവളുടെ ടീച്ചർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു, ഞാൻ ഉച്ചഭക്ഷണവുമായി സ്കൂളിലേക്ക് പോയാല്‍ അത് അവളുടെ അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും,’ റൂബി ഫ്രാങ്കെ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കേണ്ടതും അത് പൊതിഞ്ഞ് സ്കൂളിലേക്ക് കൊണ്ടുപോകേണ്ടതും തന്‍റെ ഇളയമകളുടെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ അവളെ സഹായിക്കാന്‍ കഴിയില്ലെന്ന് ടീച്ചറെ അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവര്‍ തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. ആറ് കുട്ടികളുടെ അമ്മയും യൂട്യൂബറുമാണ് റൂബി ഫ്രാങ്കെ. ആറുവയസ്സുകാരിയായ മകള്‍ക്ക് ഭക്ഷണം ആരും ഭക്ഷണം നല്‍കാന്‍ തയ്യാറാകരുതെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ‘സ്വാഭാവികമായ അവൾക്ക് വിശന്നിരിക്കേണ്ടിവരും. ദിവസം മുഴുവന്‍ വിശന്നിരിക്കേണ്ടിവരുമ്പോള്‍ അവള്‍ ഇനി ഇത്തരത്തില്‍ പെരുമാറില്ലെന്നും’ റൂബി ഫ്രാങ്കെ തന്‍റെ ടിക് ടോക്ക് വീഡിയോയില്‍ പറഞ്ഞു.
‘അവൾ ഒരു കൗമാരക്കാരിയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഇത് ആറ് വയസുള്ള കുട്ടിയാണ്.,’ ഒരു കാഴ്ചക്കാരി എഴുതി. ‘അവളുടെ കുട്ടികൾ പ്രായമാകുമ്പോൾ അവളോട് സംസാരിക്കുന്നത് നിർത്തും’. വേറൊരാള്‍ കുറിച്ചു. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവുമായി സ്‌കൂളിലേക്ക് പോകുന്നതിനേക്കാൾ പ്രധാനം എന്താണെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. ‘വിശന്നിരുന്നാല്‍ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. പഠിപ്പിക്കുന്ന പാഠത്തേക്കാൾ കൂടുതൽ അവര്‍ വിശപ്പിനെ കുറിച്ച് ശ്രദ്ധിക്കും.’ മറ്റൊരു കാഴ്ചക്കാരി എഴുതി. നിരവധി അധ്യാപകരും റൂബിയ്ക്കെതിരെ കുറിപ്പുകളെഴുതി. ‘എന്‍റെ മമ്മയും ഇത് തന്നെ ചെയ്യുമായിരുന്നു. എങ്കിലും ഞാന്‍ ഈ കുടുംബത്തിന്‍റെ ആരാധകയല്ല. അവൾ, മകള്‍ക്കായി ഉച്ചഭക്ഷണം പാക്ക് ചെയ്യണമായിരുന്നു,’ ഒരു സ്ത്രീ പറഞ്ഞു. ‘ഞാൻ അവരുടെ ചാനലിൽ കണ്ട മറ്റ് ചില കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല,’ മറ്റൊരാൾ കുറിച്ചു.