അടൂർ: മയക്കുമരുന്ന് മാഫിയയുടെ സിരാകേന്ദ്രമായ അടൂരിൽ നിയമപാലകർക്ക് സഞ്ചരിക്കാൻ വാഹനമില്ലാതായതോടെ ക്രമസമാധാനപാലനം താളം തെറ്റുന്നു.
അടൂർ പൊലീസ് സ്റ്റേഷനിലെ ജീപ്പ് കട്ടപ്പുറത്തായതോടെ പൊലീസ് സഹായം തേടുന്നവരുടെ അടുത്തേക്ക് എത്താൻ വൈകുന്നു. ഇവിടുത്തെ ജീപ്പ് 25 ദിവസമായി കട്ടപ്പുറത്താണ്. ഇതിന് പകരം നല്കിയ ജീപ്പ് ഒരാഴ്ചയായതോടെ തകരാറിലായി വഴിയിൽ കിടന്നു. പൊലീസ് കൺട്രോൾ റൂം ജീപ്പും പഴക്കം ചെന്നതുമാണ്. സി.ഐയുടെ ജീപ്പ് മാത്രമാണ് ഇവിടെയുള്ളത്.
കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ കൊല്ലം ജില്ല അതിർത്തിയായ പുതുവൽ മുതൽ ആദിക്കാട്ടുകുളങ്ങര വരെയുള്ള പ്രദേശം അടൂർ സ്റ്റേഷൻ പരിധിയിലാണ്. അടൂർ നഗരസഭ, ഏനാദിമംഗലം, ഏഴംകുളം, കടമ്പനാട്, പള്ളിക്കൽ, ഗ്രാമപഞ്ചായത്തുകളിലെ മുക്കാൽ പങ്ക് പ്രദേശങ്ങളും ഉൾപ്പെട്ടതാണ് അടൂർ സ്റ്റേഷൻ പരിധി. ദിനംപ്രതി ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശം കൂടിയാണിവിടം.
കെ.പി റോഡും എം.സി റോഡും കടന്നുപോകുന്നതിനാൽ വാഹനാപകടങ്ങളും പതിവാണ്. അപകടം ഉണ്ടായാൽ സമയത്തിന് ഓടിയെത്താൻ പൊലീസിന് വാഹനം ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് പട്രോളിങ്ങിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടങ്ങളുണ്ടാകുമ്പോൾ പെട്ടന്ന് സ്ഥലത്തെത്താനും തടസ്സമാകുന്നു. പട്രോളിങ്ങില്ലാത്തതിനാൽ ബൈപാസിൽ ലഹരി കച്ചവടവും സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്. കൂടാതെ മദ്യപരുടെ അഴിഞ്ഞാട്ടവുമുണ്ട്. രാത്രിയിൽ വീടുകളിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായി നിരവധി വിളികളാണ് സ്റ്റേഷനിൽ വരുന്നത്. എന്നാൽ, സംഭവസ്ഥലത്ത് പോകാൻ ടാക്സിയെ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണുള്ളത്. സമയത്തിന് വാഹനം കിട്ടിയില്ലെങ്കിൽ യഥാസമയം സ്ഥലത്ത് എത്താനും കഴിയുന്നില്ല. എം.സി റോഡുള്ളതിനാൽ മന്ത്രിമാർ മറ്റ് വി.ഐ.പികൾ എന്നിവർക്ക് പൈലറ്റും അകമ്പടിയും കൊടുക്കേണ്ടതായി വരുന്നുണ്ട്. വാഹനം ഇല്ലാത്തതിനാൽ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രതിയെ പിന്തുടർന്ന് പിടികൂടാനും മെഡിക്കലിന് കൊണ്ടുപോകുന്നതിനും കോടതിയിൽ ഹാജരാക്കുന്നതിനും ജീപ്പ് ആവശ്യമാണ്. ജീപ്പില്ലാത്തത് രാത്രി വാഹന പരിശോധനയെയും പ്രതികൂലമായി ബാധിച്ചു.