മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നതിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. വീട് നഷ്ടപ്പെട്ടവർക്കും കലാപത്തിന് ഇരയായവർക്കും പുനരധിവാസ ക്യാമ്പുകൾ ഒരുക്കൽ, സേനയെ വിന്യസിക്കൽ, ക്രമസമാധാന പാലനം തുടങ്ങിയവക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് ജൂലൈ 10നകം അറിയിക്കണമെന്നാണ് സംസ്ഥാന സർക്കാറിനുള്ള നിർദേശം. ആക്രമണങ്ങളിൽനിന്ന് ന്യൂനപക്ഷമായ കുകി വിഭാഗത്തിന് സൈനിക സംരക്ഷണം ഒരുക്കണമെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടന സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സംസ്ഥാനത്തെ സാഹചര്യം പതുക്കെയാണെങ്കിലും മെച്ചപ്പെട്ടുവരികയാണെന്ന് കോടതിയെ അറിയിച്ചു. പൊലീസിന് പുറമെ മണിപ്പൂർ റൈഫിൾസ്, സി.എ.പി.എഫ്, മണിപ്പൂർ കമാൻഡോകൾ തുടങ്ങിയവരെയെല്ലാം അക്രമങ്ങൾ തടയാൻ നിയോഗിച്ചിട്ടുണ്ട്. കർഫ്യൂ 24 മണിക്കൂറിൽനിന്ന് അഞ്ച് മണിക്കൂറായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയം വർഗീയ രീതിയിൽ എടുക്കരുതെന്ന് കുകി വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കുകികൾക്കെതിരെ ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണ് നടക്കുന്നതെന്ന് കോളിൻ ഗോൺസാൽവസ് തിരിച്ചടിച്ചു. ഒരു വാർത്ത പരിപാടിക്കെത്തിയ സായുധ സംഘം തങ്ങൾ കുകികളെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേയ്തേയ്, കുകി വിഭാഗങ്ങൾ തമ്മിൽ മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 120ഓളം പേർ കൊല്ലപ്പെടുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ ഭവനരഹിതരായി.