കോഴിക്കോട്: ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബ ഭൂമി കേസിൽ പുന:പരിശോധന ചൊവ്വാഴ്ച. ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസിൽ ഉച്ചക്ക് മൂന്നിന് ഹാജരാകണമെന്നാണ് നോട്ടീസ്.
അഗളി ഗൂളിക്കടവിലെ നാഗമൂപ്പന്‍റെ ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിലെ (297/87) 2020 ഫെബ്രുവരി 28ലെ ഒറ്റപ്പാലം സബ്കലക്ടറുടെ ഉത്തരവ് കലക്ടർ ഡോ. എസ്. ചിത്ര റദ്ദാക്കിയിരുന്നു. ഈ കേസിൽ രേഖകൾ പുന:പരിശോധന നടത്താനും ഉത്തരവിട്ടു. ഹിയറങ്ങിന് ഹാജരാകുന്ന കക്ഷികൾ ഭൂമി സംബന്ധിച്ച രേഖകളെല്ലാം ഹാജരാക്കണമെന്നാണ് നോട്ടീസിലെ നിർദേശം.
സബ് കലക്ടറുടെ ഉത്തരവിനെതിരെ നഞ്ചിയമ്മയും കുടുംബത്തിലെ ഭൂമിയുടെ അവകാശികളുമാണ് പാലക്കാട് കലക്ടർക്ക് അപ്പീൽ അപേക്ഷ നൽകിയത്. ഇക്കാര്യത്തിൽ ‘ ഓൺലെൻ’ വാർത്തയെ തുടർന്ന് അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതികൾ സംബന്ധിച്ച് കെ.കെ. രമ എം.എൽ.എ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിരുന്നു. അതിന് മറുപടിയായി മന്ത്രി കെ. രാജൻ അട്ടപ്പാടിയിലെ ആദിവാസി ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച പരാതികളിൽ അസി. ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
അട്ടപ്പാടിയിൽ നിന്ന് 22 പരാതികൾ ലഭിച്ചുവെങ്കിലും റവന്യു വിജിലൻസ് വിഭാഗം നഞ്ചിയമ്മയുടെ കേസിൽ മാത്രമാണ് റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചത്. ജനുവരി 28 നാണ് ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് നൽകിയത്. നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈമാറ്റം നടത്തിയത് നിയമാനുസൃതം അല്ലെങ്കിൽ സർക്കാർ കക്ഷി ചേർന്ന് നടപടികൾ റദ്ദ് ചെയ്യണമെന്നാണ് റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോർട്ടിലെ ശിപാർശ. കല്ലുവേലിൽ കെ.വി. മാത്യുവിന് ഭൂമി കൈമാറിയ എല്ലാ നടപടിക്രമങ്ങളും പുനഃപരിശോധിക്കണമെന്നായിരുന്നു ശിപാർശ.
നഞ്ചിയമ്മയുടെ കുടുംബ ഭൂമി ആദ്യം കൈവശപ്പെടുത്തിയത് കന്തസ്വാമി ബോയനാണ്. അദ്ദേഹം മരണപ്പെട്ട ശേഷം നഞ്ചിയമ്മയുടെ കുടുംബവും കന്തസ്വാമിയുടെ അനന്തരാവകാശികളും തമ്മിലാണ് ഭൂമിക്കുവേണ്ടി കേസ് നടന്നത്. ഇതിനിടയിൽ ഇരുകൂട്ടരും അറിയാതെ കെ.വി മാത്യു 1.40 ഏക്കർ ഭൂമിക്ക് വ്യാജ രേഖയുണ്ടാക്കിയെന്നാണ് പുതിയ കേസ്. കന്തസ്വാമിയുടെ മകൻ എന്ന് അവകാശപ്പെടുന്ന മാരിമുത്തുമായി കെ.വി മാത്യു വില്പന കറാറുണ്ടാക്കി. കരാർ പാലിക്കാൻ മാരിമുത്തു തയാറാകാത്തതിനാൽ മാത്യു കോടതിയെ സമീപിച്ചു.
പിന്നീട് കരാർ പത്രത്തിലെ വ്യവസ്ഥകൾ പാലിക്കാതെ വന്നതിനാൽ ഒറ്റപ്പാലം സബ് കോടതിയിലെ വ്യവഹാരത്തിൽ 2019 ഫെബ്രുവരി 27ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം സബ്ജഡ്ജ് മാത്യുവിന്റെ പേരിൽ ഭൂമി എഴുതി നൽകിയതെന്ന് റവന്യൂ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. മാരിമുത്തു വ്യവഹാര സമയത്ത് കോടതിയിൽ ഹാജരായിട്ടില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അതിനാൽ എക്സ്പാർട്ട് ആയി വിധിയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജ് ഈ ഭൂമി മാത്യുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയതെന്നും റവന്യു വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. അതിനാൽ റവന്യൂ വിജിലൻസിന്റെ റിപ്പോർട്ടായിരിക്കും ഈ കേസിൽ നിർണായകം.
അതേസമയം, മാത്യുവിൽനിന്ന് ഭൂമി വാങ്ങിയ ജോസഫ് കുര്യൻ പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതി വാങ്ങി സബ് കലക്ടറുടെ ഉത്തരവ് കാത്തുനിൽക്കുകയാണ്.