ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ വയനാട്ടുകാരി മിന്നു മണിക്ക് ആശംസയുമായി കോൺഗ്രസ് നേതാവും മണ്ഡലത്തിലെ മുൻ എം.പിയുമായ രാഹുൽ ഗാന്ധി. കുറിച്യ വിഭാഗത്തിൽനിന്നുള്ള ക്രിക്കറ്റ് ആൾറൗണ്ടർ ചരിത്രം കുറിച്ചിരിക്കുകയാണെന്നും മികച്ച പ്രകടനം നടത്താനും കിരീടം നേടാനും അവൾക്ക് കഴിയട്ടെയെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ ആശംസിച്ചു.
‘മിന്നു മണിയെന്ന കേരളത്തിലെ കുറിച്യ വിഭാഗത്തിൽനിന്നുള്ള ക്രിക്കറ്റ് ആൾറൗണ്ടർ ചരിത്രം കുറിക്കുകയാണ്. വനിത പ്രീമിയർ ലീഗിൽ കളിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യ താരമെന്ന നേട്ടം കഴിഞ്ഞ ഫെബ്രുവരിയിൽ സ്വന്തമാക്കിയ അവൾ, ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ കേരളത്തിൽനിന്നുള്ള ഏക താരമെന്ന നേട്ടം കൂടി സ്വന്തമാക്കി തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തിരിക്കുകയാണ്. വയനാട്ടിൽ നിന്നുള്ള ഈ ചാമ്പ്യന്റെ എല്ലാ ഭാവി പ്രയത്നങ്ങൾക്കും ആശംസകൾ. മികച്ച പ്രകടനം നടത്താനും കിരീടം നേടാനും അവൾക്ക് കഴിയട്ടെ’, രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.
കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിത താരമാണ് മിന്നു മണി. നേരത്തെ, ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ മിന്നു വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ്. പ്രഥമ വനിത ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമായിരുന്നു. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വർഷമായി ടീമിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങി.