ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് രൂപംനൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജൂലൈ 11ന് ഹരജികളിൽ വാദം കേൾക്കും. 2020 മാർച്ചിന് ശേഷം ആദ്യമായാണ് ഹരജികൾ പരിഗണിക്കുന്നത്.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 20ഓളം ഹരജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്, കേന്ദ്രതീരുമാനത്തിന് കശ്മീര്‍ ജനതയുടെ അനുമതിയില്ല, 2019ലെ ജമ്മുകശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹരജികള്‍ വാദിക്കുന്നു.