കണ്ണൂർ: നാലുവർഷ ബിരുദം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസരീതിയിലേക്ക് മാറുന്നതിന്റെ തുടക്കമാണിത്. വൈജ്ഞാനിക സമൂഹനിർമിതിയിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം പതാക വാഹകരാകുകയാണെന്നും കണ്ണൂർ സർവകലാശാലയിൽ ചേർന്ന അക്കാദമിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി പറഞ്ഞു.
ഉന്നതപഠനത്തിന് 35,000 വിദ്യാർഥികൾ വിദേശത്ത് പോകുമ്പോൾ പതിമൂന്നര ലക്ഷം വിദ്യാർഥികൾ കേരളത്തിൽതന്നെയാണ് പഠിക്കുന്നത്. ഏകപക്ഷീയ അധ്യാപനരീതിക്ക് പകരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് വിദ്യാർഥികേന്ദ്രീകൃതമായ സ്വയംപഠന രീതിയാണ്. അതിന് ഘടനാപരമായ മാറ്റം ആവശ്യമാണ്. വിജ്ഞാനത്തെ പ്രക്രിയകളായും ഉൽപ്പന്നങ്ങളായും മാറ്റണം. തൊഴിൽസാധ്യത, ഗവേഷണാത്മകത എന്നീ ദ്വിമുഖ സമീപനമാണ് ഉന്നതവിദ്യാഭ്യാസരംഗം സ്വീകരിക്കുന്നത്. നാലുവർഷ ബിരുദത്തിൽ അവസാനവർഷം പൂർണമായും ഗവേഷണകേന്ദ്രീകൃതമാക്കുന്നതും ഇന്റേൺഷിപ്പ് ഉൾപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. കാലാനുസൃത മാറ്റങ്ങളെ ഉൾക്കൊള്ളാനും പിന്തുണക്കാനും അക്കാദമിക സമൂഹവും പൊതുസമൂഹവും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
താവക്കരയിലെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി. ഡോ. അനിൽ രാമചന്ദ്രൻ, ഡോ. വി ഷഫീക്ക് എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പ്രോ–- വൈസ് ചാൻസലർ പ്രൊഫ. എ സാബു, സിൻഡിക്കറ്റംഗങ്ങളായ എൻ സുകന്യ, കെ വി പ്രമോദ്‌കുമാർ, ഡോ. കെ ടി ചന്ദ്രമോഹനൻ എന്നിവർ പങ്കെടുത്തു. രജിസ്‌ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതവും പരീക്ഷാ കൺട്രോളർ ഡോ. ബി മുഹമ്മദ് ഇസ്‌മയിൽ നന്ദിയും പറഞ്ഞു.
നാലുവർഷ ബിരുദം സംബന്ധിച്ച് വിശദമായ ചർച്ചകളാണ് അക്കാദമിക് സമ്മേളനത്തിൽ നടന്നത്. സിൻഡിക്കറ്റംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, പഠനബോർഡ് അംഗങ്ങൾ, കോളേജ് പ്രിൻസിപ്പൽമാർ, സർവകലാശാലയിലെ അധ്യാപക–- അനധ്യാപക ജീവനക്കാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.