റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർത്ഥാടകർ മക്കയിൽ നിന്ന് മദീനയിലെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് തീർത്ഥാടകർ മക്കയിൽനിന്ന് മദീനയിലേക്ക് പുറപ്പെട്ട് തുടങ്ങിയത്. അൽഹറമൈൻ ട്രെയിൻ വഴിയും കരമാർഗവുമായിരുന്നു യാത്ര. വരും ദിവസങ്ങളിലായി കൂടുതൽ തീർഥാടകർ മദീനയിലെത്തും.
ഹജ്ജിന് മുമ്പ് മദീന സന്ദർശനം നടത്താത്ത ഇന്ത്യക്കാരടക്കമുള്ളവരുടെ വരവ് അടുത്ത ദിവസം ആരംഭിക്കും. ‘ഖാദിമുൽ ഹറമൈൻ’ ഹജ്ജ് പ്രോഗ്രാമിന് കീഴിലെത്തിയവരിലെ ആദ്യസംഘവും മദീനയിലെത്തി. 92 രാജ്യങ്ങളിൽ നിന്നുള്ള 4,951 തീർഥാടകരാണ് പദ്ധതിക്ക് കീഴിൽ ഇത്തവണ ഹജ്ജിനെത്തിയത്. ഇതിൽ ഫലസ്തീൻ രക്തസാക്ഷിക്കളുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1,000 പേരും യമൻ യുദ്ധത്തിലെ രക്തസാക്ഷികളുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1,000 പേരും ഉൾപ്പെടും.
ഹജ്ജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. കര മാർഗമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ മക്കയിൽനിന്ന് മദീനയിലേക്കുള്ള റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം കൂടുതൽ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഹജ്ജ് ബസ് ഗൈഡൻസ് വിഭാഗം ബസ് സ്വീകരണ കേന്ദ്രങ്ങളിലും ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.