ദില്ലി : ഇന്ത്യയില്‍ 5.3 കോടി പേര്‍ തൊഴില്‍ അന്വേഷിക്കുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നര കോടിയാളുകള്‍ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്. 1.7 കോടിയാളുകള്‍ക്ക് ജോലി ആവശ്യമാണെങ്കിലും സജീവമായി അന്വേഷിക്കുന്നില്ല. ജോലി ആവശ്യമുള്ളവരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും കണക്ക് പറയുന്നു. 3.5 കോടി പേര്‍ക്ക് ഉടന്‍ ജോലി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെന്റര്‍ ഫോണ്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ പ്രതിവാര വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ സജീവമായി ജോലി അന്വേഷിച്ച മൂന്നര കോടി പേരില്‍ 23 ശതമാനം സ്ത്രീകളാണ്. ഏതാണ്ട് 80 ലക്ഷത്തോളം വരും ഈ സ്ത്രീകളുടെ എണ്ണം. സജീവമായി ജോലി അന്വേഷിക്കാത്ത 1.7 കോടി പേരില്‍ 53 ശതമാനമാണ് സ്ത്രീകള്‍. ഇത് ഏതാണ്ട് 90 ലക്ഷത്തോളം വരും.
കൊവിഡ് തരംഗം ആഞ്ഞടിച്ച 2020-ലെ ആഗോള തൊഴില്‍ നിരക്ക് 55 ശതമാനമാണെന്നാണ് ലോകബാങ്ക് കണക്ക്. 2019 ഇത് 58 ശതമാനമായിരുന്നു. 2019 ല്‍ ഇന്ത്യയുടേത് 43 ശതമാനമെന്നായിരുന്നു ലോകബാങ്ക് കണക്ക്. എന്നാല്‍ തൊഴില്‍ നിരക്ക് 38 ശതമാനമാാണെന്ന് സിഎംഐഇ കണക്കിലൂടെ വ്യക്തമാക്കുന്നു. രാജ്യം പുരോഗതി കൈവരിക്കാന്‍ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കും തൊഴില്‍ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ലോകബാങ്കിന്റെ ആഗോള തൊഴില്‍ നിരക്ക് നിലവാരത്തിലെത്താന്‍ ഇന്ത്യക്ക് 18.75 കോടി ജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കേണ്ടതുണ്ട്. നിലവിലെ ഇന്ത്യയിലെ തൊഴില്‍ നിരക്ക് നോക്കുമ്പോള്‍ ഇത് വളരെ വലിയ വെല്ലുവിളിയാണെന്നും കണക്കുകള്‍ വെച്ച് സിഎംഐഇ സമര്‍ത്ഥിക്കുന്നു.