പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രസീറ്റ് നല്കിയാല് അന്നേ ദിവസം തന്നെ പണം ലഭിക്കുന്ന പ്രൈമറി കോര്‍പ്പറേറ്റ് ലവി സിസ്റ്റം ഉള്‍പ്പെടെ നടപ്പാക്കാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിർദേശം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖല അവലോകന യോഗങ്ങള്‍ക്ക് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല റിവ്യൂ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാലക്കാട് ജില്ല ഉള്‍പ്പെടുന്ന മേഖല അവലോകന യോഗം സെപ്റ്റംബര്‍ ഏഴിന് തൃശൂരില്‍ നടക്കും. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമായാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ മേഖല അവലോകന യോഗങ്ങള്‍ നടക്കുന്നത്.
കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയോചിതമായി നടത്താനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോടും കര്‍ഷകര്‍ക്ക് വായ്പ കാലാവധി നീട്ടാന്‍ പ്രൊപ്പോസല്‍ സമർപ്പിക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോടും മന്ത്രി നിര്‍ദേശിച്ചു. നഗരസഭകള്‍ തോറും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വില്ക്കാന് കര്‍ഷകര്‍ക്ക് സൗകര്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനുള്ള നിർദേശവും നല്കി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിദാരിദ്ര്യം ശാസ്ത്രീയമായി എങ്ങനെ പരിഹരിക്കാം, പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലലഭ്യത ഉറപ്പാക്കുക, മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍, നാണ്യ വിളകള്‍ക്കുള്ള ഇറിഗേഷന്‍ പദ്ധതികള്‍, മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്‍, സംരംഭകരുമായി ആലോചിച്ച് അവര്‍ക്ക് ആവശ്യമുള്ള തൊഴിലില്‍ വ്യക്തികള്‍ക്ക് പരിശീലനം നല്കുന്ന തരത്തില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കായി പ്രൊപോസല്‍ നല്‍കാനും നിർദേശം നല്കി.
ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകര്‍ക്ക് രക്ഷയായി അവരുടെ വരുമാന വർധനവിനായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്യണം. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതകള്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.