തിരുവനന്തപുരം : നേരിയ കോവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകേണ്ട. 48 മണിക്കൂര്‍ പനി ഇല്ലാതിരിക്കുകയും ആരോഗ്യം തൃപ്തികരമാകുകയും ചെയ്താല്‍ ഗൃഹനിരീക്ഷണത്തിലാക്കാം. ഇതടക്കമുള്ള വ്യവസ്ഥകളോടെ ആശുപത്രികളിലെ കോവിഡ് ഡിസ്ചാര്‍ജ് നയം പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതു മുതലോ ലക്ഷണങ്ങളില്ലാത്തവര്‍ കോവിഡ് സ്ഥിരീകരിക്കുന്നതു മുതലോ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. 3 ദിവസം തുടര്‍ച്ചയായി പനിയില്ലെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം. വീട്ടിലുള്ളപ്പോള്‍ ദിവസവും 6 മിനിറ്റ് നടത്ത പരിശോധന വേണം. ബുദ്ധിമുട്ടു തോന്നുകയോ വിശ്രമിക്കുമ്പോള്‍ ഓക്‌സിജന്‍ 94 ശതമാനത്തില്‍ കുറയുകയോ ചെയ്താല്‍ ദിശയുടെ 104, 1056 നമ്പറുകളിലോ ആശുപത്രിയിലോ അറിയിക്കണം.
മിതമായ രോഗമുള്ളവരെ ആരോഗ്യം തൃപ്തികരമെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. മരുന്ന് ഉപയോഗിക്കാതെ 72 മണിക്കൂര്‍ പനി ഇല്ലാതിരിക്കുകയും ശ്വാസതടസ്സം കുറയുകയും വേണം. കാന്‍സര്‍, വൃക്ക, കരള്‍ രോഗികള്‍, എച്ച്‌ഐവി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, ഇമ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കു കോവിഡ് ലക്ഷണം തുടങ്ങി 14-ാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. നെഗറ്റീവാകുന്നവരെ മരുന്നില്ലാതെ 72 മണിക്കൂര്‍ പനി ഇല്ലാതിരിക്കുകയും ശ്വാസതടസ്സം കുറയുകയുമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.
ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ കോവിഡ് ഐസിയുവിലോ നോണ്‍ കോവിഡ് ഐസിയുവിലോ പ്രവേശിപ്പിക്കണം. ആന്റിജന്‍ ഫലം പോസിറ്റീവാണെങ്കില്‍ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തി നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം. 20 ദിവസത്തിനു ശേഷവും ആന്റിജന്‍ ഫലം പോസിറ്റീവാണെങ്കില്‍ സാംപിള്‍ ജനിതക ശ്രേണീകരണത്തിനു നല്‍കും.