മുംബൈ: എൻ.സി.പി നേതാവ് അജിത് പവാർ മഹാരാഷ്ട്ര സഖ്യസർക്കാരിന്‍റെ ഭാഗമായതോടെ രാഷ്ട്രീയത്തിന്‍റെ സീരിയൽ കില്ലറും സീരിയൽ റേപ്പിസ്റ്റുമാണ് ബി.ജെ.പിയെന്ന് വിശേഷിപ്പിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്. ബി.ജെ.പി രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ ചേരിതിരിവുണ്ടാക്കുകയും പിന്നീട് യഥാർത്ഥ പാർട്ടിയെന്ന അവകാശവാദങ്ങൾ ഉന്നയിച്ച് എത്തുകയാണെന്നും ഇത് പതിവ് രീതിയായി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബി.ജെ.പി രാഷ്ട്രീയത്തിന്‍റെ സീരിയൽ കില്ലറും സീരിയൽ റേപ്പിസ്റ്റുമാണ്. മുമ്പ് ചെയ്തതിനോട് സമാനമായ രീതിയിലാണ് അവർ ഇപ്പോഴും കുറ്റകൃത്യങ്ങൾ തുടരുന്നത്. അവർ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ചേരിതിരിവ് ഉണ്ടാക്കുന്നു. പാർട്ടിയുടെ ഉടമസ്ഥാവകാശം ലഭിക്കാൻ പിരിഞ്ഞുപോയ ഭാഗത്തെ തങ്ങൾക്കൊപ്പം ചേർക്കുന്നു”- റാവുത്ത് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു അജിത് പവാറും ഒമ്പത് എം.എൽ.എമാരും ശിവസേന-ബി.ജെ.പി സഖ്യസർക്കാരിനൊപ്പം ചേരുന്നത്. പിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.
വിമത നീക്കത്തിന് പിന്നാലെ മുതിർന്ന നേതാവ് പ്രഫുൽ പടേൽ ഉൾപ്പെടെ അഞ്ച് പേരെ പാർട്ടി പുറത്താക്കിയിരുന്നു. അജിത് പവാറുൾപ്പെടെ എട്ട് എം.എൽ.എമാരെ അയോഗ്യരാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.