കൊച്ചി: സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വത്തിനും അനീതിക്കും എതിരെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടി പൊരുതിയ മഹത് വ്യക്തിത്വമായിരുന്നു ദാക്ഷായണി വേലായുധനെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഒരു കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വമാണ് ദാക്ഷായണി വേലായുധന്‍. അവര്‍ കാണിച്ചുതന്ന പാതയിലൂടെ മുന്നേറാന്‍ നമ്മുക്ക് കഴിയണം. ദാക്ഷായണി വേലായുധന്റെ മഹത്വം ഇന്നത്തെ സമൂഹം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവര്‍ ജീവിച്ച കാലഘട്ടം ഇന്നത്തെ തലമുറക്ക് ചിന്തിക്കാനാവില്ല. എല്ലാ അർഥത്തിലും സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവരായിരുന്നു പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനത.
അക്ഷരവും അറിവും നല്‍കിയില്ല. സമ്പത്തില്‍ നിന്നും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് അവര്‍ അത് നേടിയെടുത്തത്. വെറുതെ കിട്ടിയതല്ല ഒന്നും. സാമൂഹ്യ മാറ്റത്തിന് വേണ്ടി വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി അറിവിനുള്ള സമരം നടന്ന നാടാണ് നമ്മുടേത്. കിട്ടിയ അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചു ദാക്ഷായണി വേലായുധന്‍ പഠിച്ചു മിടുക്കിയായി. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്ദമുയര്‍ത്തി. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണവേളയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി അവര്‍ വാദിച്ചുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീകളില്‍ ഒരാളായിരുന്നു ദാക്ഷായണി വേലായുധനെന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ പറഞ്ഞു. ദാക്ഷായണി വേലായുധന്‍ പകര്‍ന്നുതന്ന ജ്വാല കെടാതെ സൂക്ഷിക്കണമെന്നും തലമുറകള്‍ക്ക് ഊര്‍ജം നല്‍കിയ വ്യക്തിത്വമായിരുന്നു അവരെന്നും മുഖ്യപ്രഭാഷണത്തില്‍ ജസ്റ്റിസ് പറഞ്ഞു.
ശുഭാപ്തി വിശ്വാസിയായിരുന്നു തന്റെ അമ്മയെന്നും അത് ഏറെ സ്വാധീനിച്ചിരുന്നുവെന്നും ദാക്ഷായണി വേലായുധന്റെ മകള്‍ ഡോ: മീരാ വേലായുധന്‍ പറഞ്ഞു. അറിവിന്റെതായ ആത്മവിശ്വാസം അമ്മക്ക് ഏറെ ഉണ്ടായിരുന്നു. ചരിത്രപരമായ ഒരു കടമ തനിക്ക് ഉണ്ടെന്ന് അമ്മ വിശ്വസിച്ചിരുന്നു. നല്ല വിദ്യാഭ്യാസമാണ് ഞങ്ങള്‍ മക്കള്‍ക്ക് ലഭിച്ചത്. അതായിരുന്നു ലഭിച്ച സമ്പത്ത്. നമ്മള്‍ തന്നെ സ്വന്തം പാത ഉണ്ടാക്കണമെന്നാണ് കുടുംബത്തില്‍ നിന്ന് പഠിച്ചതെന്നും അസാധാരണ കുടുംബാന്തരീക്ഷമാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ജീവചരിത്രം എഴുതിയ ചെറായി രാംദാസും പങ്കെടുത്തു.