ന്യൂഡൽഹി: കേന്ദ്ര-ഡൽഹി സർക്കാറുകൾ തമ്മിലുള്ള അധികാരത്തർക്കത്തിനിടെ ഡൽഹി വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷന്റെ സത്യപ്രതിജ്ഞ ചടങ്ങ് സുപ്രീംകോടതി മാറ്റിവെച്ചു. പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്ത ജസ്റ്റിസ് ഉമേഷ് കുമാറിന്റെ സത്യപ്രതിജ്ഞയാണ് ജൂലൈ 11ലേക്ക് സുപ്രീംകോടതി നീട്ടിയത്. ഡൽഹി അധികാരത്തർക്കത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിലെ അധികാരമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റെഗുലേറ്ററി കമീഷൻ ചെയർമാന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെടാൻ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്കാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഉമേഷ് കുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഡൽഹി സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാറിനോട് കൂടിയാലോചിക്കാതെയായിരുന്നു നിയമനം. സത്യപ്രതിജ്ഞ ചടങ്ങ് നീട്ടിവെച്ചതിനൊപ്പം കേന്ദ്ര സർക്കാറിനും ലെഫ്റ്റനന്റ് ഗവർണർക്കും കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ഡൽഹി സർക്കാറിന് ലെഫ്. ഗവർണർ നിർദേശം നൽകിയത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച സത്യവാചകം ചൊല്ലിക്കൊടുക്കാനാകില്ലെന്ന് ഊർജ മന്ത്രി അതിഷി മാർലെന അറിയിച്ചു. ചടങ്ങ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ.