കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി അക്രമാസക്തനായി. ആദ്യം തലകൊണ്ട് ഭിത്തിയിലിടിച്ച പ്രതി ഇതിന് ശേഷം, തലകൊണ്ട് ഭിത്തിയിലെ നോട്ടീസ് ബോർഡിലെ ചില്ല് ഇടിച്ച് തകർക്കുകയായിരുന്നു.
കൂവപ്പള്ളി സ്വദേശിയായ മനുമോഹനാണ് കോടതിയിൽ അക്രമാസക്തനായത്. ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മനുമോഹനെ വിയ്യൂരിൽനിന്നാണ് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാനെത്തിച്ചത്. ഇതിനിടെ കോടതിക്ക് മുന്നിൽ വെച്ച് ആർപ്പൂക്കര സ്വദേശി ടോമി മനുമോഹന്‍ കഞ്ചാവ് കൈമാറാൻ ശ്രമിച്ചു.
ഇത് തടഞ്ഞതോടെയാണ് മനുമോഹൻ പൊലീസുമായി വാക്തർക്കത്തിൽ ഏർപ്പെട്ടത്. തുടർന്ന് ബലംപ്രയോഗിച്ച് ഇയാളെ കോടതിക്കുള്ളിൽ കയറ്റുകയായിരുന്നു. ഈ സമയം കോടതിക്കുള്ളിലും മനുമോഹൻ ബഹളമുണ്ടാക്കി. പിന്നീട് പുറത്തിറക്കി വിലങ്ങു വെക്കുന്നതിനിടെ ഇയാൾ അക്രമാസക്തനായാണ് ചില്ല് തലകൊണ്ട് പൊട്ടിച്ചത്. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കോടതിയിൽനിന്ന് കൊണ്ടുപോയത്.
പൊൻകുന്നം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. മനു മോഹനന് കഞ്ചാവ് കൊടുക്കാൻ ശ്രമിച്ച ആർപ്പൂക്കര സ്വദേശി ടോമിയുടെ പക്കൽനിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.