ചാമംപതാൽ: ശക്തമായ മഴയിൽ വാഴൂർ പഞ്ചായത്തിലെ ചാമംപതാലിലും പുളിക്കൽ കവലയിലും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചാമംപതാലിലും പുളിക്കൽ കവലയിലും നാലുവീതം വീടുകളിലാണ് വെള്ളം കയറിയത്. പുളിക്കൽ കവല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെള്ളം കയറി.
ശക്തമായ മഴയിൽ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്.ചാമംപതാൽ എസ്.ബി.ടി ജങ്ഷനിലാണ് തോട്ടിൽനിന്ന് വെള്ളം കയറിയത്. അരമണിക്കൂറിലധികം കൊടുങ്ങൂർ-മണിമല റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പനമൂട്ടിൽ-മണിമല റോഡിലും വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടമില്ല.
മംത്തിപ്ലാക്കൽ ഷാഹിദ്, വലിയപറമ്പിൽ കൊച്ചുമോൻ, കരോട്ട് മുറിയിൽ ജമാൽ, സണ്ണി പൂനാട്ട് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പുളിക്കൽ കവലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും നിരവധി കടകളിലും വൈ.എം.സി.എയിലും നാല് വീട്ടിലും വെള്ളം കയറി. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ടൗണിൽ ബാബുവിന്റെ കോഴിക്കടയിൽ വെള്ളം കയറിയെങ്കിലും ബാബുവും ജിവനക്കാരും ചേർന്ന് കോഴികളെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി.
വാഴയിൽ സൂസൻ മാത്യു, നാഴൂരിമറ്റം ബിപിൻ, ജയ, പ്രസാദ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കനത്ത മഴയിൽ പുളിക്കൽ കവലയിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. കൊടുങ്ങൂരിൽ മരം വീണ് ഒരു വീട് ഭാഗികമായി തകർന്നു. കൊടുങ്ങൂർ നരിപ്പാറ ഭാഗത്ത് കരിനിലത്ത് കിഴക്കേപ്പുരയിൽ കെ.കെ. തങ്കപ്പന്റെ വീടിന് മുകളിലേക്ക് രുദ്രഭയങ്കരി ക്ഷേത്ര പരിസരത്ത് നിന്ന കൂറ്റൻ മരം കടപുഴകുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്.