അൽ ഖോബാർ: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം നടന്ന റെയ്ഡിൽ നിരവധിപേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് സൗദി അധികൃതർ അറസ്റ്റ് ചെയ്തു. ജിസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റിലെ അതിർത്തി സേന പട്രോളിങ്ങിനിടെ മയക്കുമരുന്നുമായി 11 യമൻ പൗരന്മാരെ പിടികൂടി.ഇവരിൽനിന്ന് 60 കിലോ ലഹരിവസ്തുക്കൾ കണ്ടെടുത്തു. അൽ ദായർ ഗവർണറേറ്റിൽതന്നെ ഒരു വാഹനത്തിൽ 237 കിലോ ‘ഗാത്ത്’ ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു.
ഹഷീഷ് വിറ്റതിന് അസീർ മേഖലയിൽ ഒരാളെയും മെത്താംഫെറ്റമിൻ, ആംഫെറ്റമിൻ എന്നിവ വിൽപന നടത്തിയ മറ്റൊരാളെയും ഖസീം പ്രവിശ്യയിൽ അറസ്റ്റ് ചെയ്തു. പിടിയിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടികൂടിയ മയക്കുമരുന്നുകൾ അധികൃതർക്ക് കൈമാറി. ലഹരിക്കടത്ത് ശ്രദ്ധയിൽപെട്ടാൽ [email protected] വിലാസത്തിൽ ഇ-മെയിലിലോ 1910, +966114208417 നമ്പറുകളിലോ അധികൃതരെ ബന്ധപ്പെടാം.വിവരം നൽകുന്നവരുടെ ഉറവിടം രഹസ്യമാക്കിവെക്കുകയും പാരിതോഷികം നൽകുകയും ചെയ്യും.