ചെർപ്പുളശ്ശേരി (പാലക്കാട്) ∙ തൂതയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കും വരനുമെതിരെ കേസെടുത്തു. വരൻ തൂത സ്വദേശി മണികണ്ഠൻ (32), പെൺകുട്ടിയുടെ അച്ഛനമ്മമാർ എന്നിവർക്കെതിരെയാണു ബാലവിവാഹ നിരോധന നിയമപ്രകാരം ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ചു ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) പൊലീസിനോടു റിപ്പോർട്ട് തേടി. മണികണ്ഠനും മണ്ണാർക്കാട് സ്വദേശിനി പതിനേഴു വയസ്സുകാരിയും ജൂൺ 29നു ക്ഷേത്രത്തിൽ വച്ചു നൂറോളം ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹിതരായത്.
മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിൽ ഹാജരാക്കാം എന്നറിയിച്ച രക്ഷിതാക്കൾ അവിടെ നിന്നു മാറി. പെൺകുട്ടിയെ ഇന്നലെ പാലക്കാട് സിഡബ്ല്യുസി ഓഫിസിൽ ഹാജരാക്കാൻ മണ്ണാർക്കാട് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും കണ്ടെത്താനായിട്ടില്ല.