കണ്ണൂർ/തിരുവല്ല: സംസ്ഥാനത്ത് ശക്തമായ കാറ്റിലും കനത്ത മഴയിലും ഇന്നും വ്യാപക നാശനഷ്ടം. പത്തനംതിട്ട നിരണം പനച്ചിമൂട്ടിൽ 135 വർഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളിയും വയനാട്ടിലും അടൂരിലും വീടുകളും തകർന്നു വീണു. കണ്ണൂർ സെൻട്രൽ ജയിലിന്‍റെ കൂറ്റൻ മതിൽ നിലംപൊത്തി.
കനത്ത മഴയെ തുടർന്ന് നിരണം പനച്ചിമൂട്ടിലെ ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണ് തകർന്നു. പനച്ചിമൂട് എസ് മുക്ക് ജംങ്ഷന് സമീപമുള്ള സി.എസ്.ഐ പള്ളിയാണ് തകർന്നു വീണത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഭയാനകമായ ശബ്ദത്തോടെ പള്ളി തകർന്നു വീഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. തകർന്നുവീണ പള്ളിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ആളപായമില്ല.
കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ മതിൽ ഇടിഞ്ഞു വീണു. അഞ്ചാം ബ്ലോക്കിലെ ന്യൂ ബ്ലോക്ക് ബിൽഡിങ്ങിന് എതിർ വശത്തുള്ള കൂറ്റൻ മതിലാണ് 30 മീറ്ററോളം നിലംപൊത്തിയത്. പുലർച്ചെ ഏഴര മണിയോടെ ജയിൽ വളപ്പിനുള്ളിലെ തൊഴുത്തിന് സമീപത്താണ് സംഭവം.
ഈ മതിലിന് സമീപത്താണ് തടവുകാരെ പാർപ്പിച്ചിട്ടുള്ളത്. അതിനാൽ സുരക്ഷ ഉറപ്പാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ജയിൽ അധികൃതരും കണ്ണൂർ ടൗൺ സി.ഐയും സ്ഥലത്തെത്തി പരിശോധന നടത്തി. ജയിൽ ഐ.ജി ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട തിരുമൂലപുരത്ത് നൂറോളം വീടുകളിൽ വെള്ളം കയറി. തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ കോളനികളിലെ വീടുകളിലാണ് ഇന്ന് രാവിലെയോടെ വെള്ളം കയറിയത്. മണിമലയാറ്റിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശങ്ങളാണ് ഇത്.
ഈ ഭാഗങ്ങളുടെ നാൽപതോളം കുടുംബങ്ങളിൽ നിന്നും 130 പേരെയോളം എസ്.എൻ.വി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമ്പിൽ എത്തുന്നവർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതായി തഹസിൽദാർ പറഞ്ഞു.