ജയ്പൂർ: സർക്കാർ വിഭാവനം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ വ്യാപകമാകുമെന്ന് മന്ത്രി പറയുന്നു.
‘കർഷകർ ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരത്തുകളിലെത്തും. ഈ കാറുകൾ 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവർത്തിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയും. പരിസ്ഥിതി സൗഹാർദപരമായ ഈ മുന്നേറ്റം ഇറക്കുമതിയിൽ വൻ കുറവുണ്ടാക്കുന്നതോടൊപ്പം കർഷകരുടെ വരുമാനം വർധിപ്പിക്കും. കർഷകർ അന്നദാതാവ് മാത്രമല്ല, ഊർജ്ജദാതാവ് കൂടിയാണ് എന്നാണ് സർക്കാറിന്‍റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ തുക കർഷകരുടെ വീടുകളിലെത്തും’ -ഗഡ്കരി പറഞ്ഞു.
പൂർണമായും എഥനോളിൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് മന്ത്രി ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാർ ആഗസ്റ്റിൽ നിരത്തിലിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പൂർണമായും എഥനോളിൽ ഓടാനും ശേഷിയുള്ള വാഹനം ഓട്ടത്തിനിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യും.
പൂർണമായി എഥനോളിൽ ഓടുന്ന പുതിയ വാഹനങ്ങൾ ഞങ്ങൾ കൊണ്ടുവരും. ബജാജ്, ടി.വി.എസ്, ഹീറോ എന്നീ കമ്പനികൾ 100 ശതമാനവും എഥനോളിൽ ഓടുന്ന സ്കൂട്ടറുകൾ വിപണിയിലെത്തിക്കുമെന്നും മന്ത്രി ഗഡ്കരി പറഞ്ഞിരുന്നു.