ജനീവ : നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ച് കോവിഡിനെ ഇന്‍ഫ്ളുവന്‍സ ഫ്ളൂ പോലെയുള്ള ഒരു പകര്‍ച്ചവ്യാധിയായി പരിഗണിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട് പോലുള്ള ചില രാജ്യങ്ങള്‍. എല്ലാവരിലും മിതമായ അണുബാധയുണ്ടാക്കി ഭാവിയില്‍ കോവിഡ് രോഗമുണ്ടാക്കാതെ കാക്കുന്ന ഒരു പ്രകൃതിദത്ത വാക്സീനായും ഒമിക്രോണിനെ ചിലര്‍ ചിത്രീകരിക്കുന്നു. എന്നാല്‍ ഒമിക്രോണ്‍ ഒരു പ്രകൃതിദത്ത വാക്സീന്‍ അല്ലെന്നും കൊറോണ വൈറസിനെ ഫ്ളൂ പോലെ നിസ്സാരമായി കരുതാനാകില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റോഡെറികോ എച്ച്. ഒഫ്രിന്‍ പറയുന്നു. ഒമിക്രോണിനെ എത്ര പടരാന്‍ അനുവദിക്കുന്നോ അതിന് ജനിതക വ്യതിയാനം സംഭവിക്കാന്‍ അത്രയും അവസരങ്ങള്‍ ഉണ്ടാവുകയാണെന്നും ഇത് മഹാമാരിയുടെ കാലാവധി നീട്ടുമെന്നും ദ ഹെല്‍ത്ത്സൈറ്റ്. കോമിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. റോഡെറികോ ചൂണ്ടിക്കാട്ടി.
കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കുകയും അതു വഴി മരണസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് മൂലമുള്ള രോഗതീവ്രത, ആശുപത്രിവാസം, മരണം എന്നിവയില്‍ നിന്ന് ഫലപ്രദമായ സംരക്ഷണം നല്‍കാന്‍ വാക്സീനുകള്‍ക്ക് സാധിക്കുമെന്നും അതിനാല്‍ കൂടുതല്‍ പേരിലേക്ക് വാക്സീന്‍ എത്തിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ഡോ. റോഡെറികോ നിര്‍ദ്ദേശിച്ചു. ഇതിനു പുറമേ മാസ്ക്, കൈകഴുകല്‍, സാമൂഹിക അകലം, ശരിയായ വെന്‍റിലേഷന്‍ തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കണം. ഒമിക്രോണിന് വ്യതിയാനം സംഭവിച്ച് പുതിയ വകഭേദം എപ്പോള്‍ ഉണ്ടാകുമെന്നോ കോവിഡ് മഹാമാരിയുടെ നില വിട്ട് പകര്‍ച്ചവ്യാധിയായി എപ്പോള്‍ മാറുമെന്നോ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫ്ളുവന്‍സ വൈറസ് പോലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രവചിക്കാവുന്ന ഒന്നല്ല കൊറോണ വൈറസെന്നും ഡോ. റോഡെറികോ വ്യക്തമാക്കി. ഇതിനാല്‍ ഫ്ളൂ പോലെ കോവിഡിനെ പരിഗണിക്കാനുള്ള സമീപനത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വൈറസിന് നിരന്തരം രൂപമാറ്റം സംഭവിക്കുന്നതിനാല്‍ അത്തരമൊരു നിഗമനത്തിലേക്ക് എത്താന്‍ സമയമായിട്ടില്ലെന്ന് ഡോ. റോഡെറികോ അഭിപ്രായപ്പെടുന്നു. എന്തായാലും ഒമിക്രോണ്‍ കോവിഡിന്‍റെ അവസാന വകഭേദമാകില്ല എന്ന അഭിപ്രായം തന്നെയാണ് ഡോ. റോഡെറികോയും പങ്കുവയക്കുന്നത്. വൈറസിന്‍റെ കാര്യത്തില്‍ ഒന്നും സുനിശ്ചിതമല്ലെന്നും അതിനാല്‍ വ്യാപനം തടഞ്ഞ് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡോ. റോഡെറികോ പറഞ്ഞു.