ദുബായ് : ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ ഐ.സി.സി പ്രഖ്യാപിച്ചു. ഒക്ടോബർ 23-ന് മെൽബണിൽ നടക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ടൂർണമെന്റ്. പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇതോടൊപ്പം യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ഗ്രൂപ്പിൽ ഉൾപ്പെടും.
ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്താൻ എന്നിവരാണ് ഒന്നാം ഗ്രൂപ്പിൽ ഉൾപ്പെട്ട ടീമുകൾ. ഒക്ടോബർ 22-ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ ന്യൂസീലൻഡിനെ നേരിടും. സിഡ്നിയിലാണ് മത്സരം. 16 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അഡ്ലെയ്ഡ്, ബ്രിസ്ബെയ്ൻ, ഗീലോങ്, ഹൊബാർട്ട്, മെൽബൺ, പെർത്ത്, സിഡ്നി എന്നീ വേദികളിലായാണ് മത്സരങ്ങൾ.