തിരുവനന്തപുരം: വർഷാവർഷം നിരക്ക് വർധനയും എല്ലാ മാസവും സർചാർജും അടിച്ചേൽപ്പിച്ച് ജനത്തെ പിഴിയുന്നതിന് പുറമെ വൈദ്യുതി കണക്ഷൻ ചാർജ് അടക്കമുള്ളവയും കുത്തനെ കൂട്ടാൻ വൈദ്യുതി ബോർഡ്.
പോസ്റ്റ് ആവശ്യമില്ലാത്ത കണക്ഷന് ഈടാക്കുന്ന നിരക്ക് 1740ൽ നിന്ന് 2983 രൂപയായി വർധിപ്പിക്കാൻ ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. കമീഷൻ ജൂലൈ 18ന് തെളിവെടുപ്പ് നടത്തി വർധന പ്രഖ്യാപിക്കും.
വൈദ്യുതി ബോർഡ് ചെയ്യുന്ന 98 ജോലികളുടെ നിരക്ക് കൂട്ടാനാണ് ആവശ്യം. 2018ലാണ് നിലവിലെ നിരക്ക് പ്രാബല്യത്തിലായത്. കൂലി വർധന, സാമഗ്രികളുടെ വില വർധന, ഗതാഗത ചെലവ് വർധന എന്നിവ പരിഗണിച്ചാണിത്. പോസ്റ്റ് മാറ്റുക, ലൈൻ വലിക്കുക, മീറ്റർ മാറ്റുക, സിംഗിൾ ഫേസിൽനിന്ന് ത്രീഫേസിലേക്ക് മാറ്റുക, ലൈൻ ശേഷി മാറ്റുക എന്നിവക്കെല്ലാം നിരക്ക് കൂടും. വൈദ്യുതി നിരക്ക് വർധന കുത്തനെ വർധിപ്പിക്കുന്ന തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാകും. പുറമെ എല്ലാമാസവും സർചാർജും പിരിക്കുന്നുണ്ട്. സിംഗിൾ ഫേസ് വെതർപ്രൂഫ് കണക്ഷന് 1243 രൂപയും ത്രീഫേസ് വെതർ പ്രൂഫിന് 761 രൂപയും വർധിപ്പിക്കണമെന്നാണ് ആവശ്യം. ത്രീഫേസിൽ കൂടുതൽ കെ.ഡബ്ല്യുവിലേക്ക് മാറ്റിയാൽ 2480 രൂപ മുതൽ 3558 രൂപ വരെയാണ് വർധന. വെതർ പ്രൂഫ് കണക്ഷന് പോസ്റ്റ് ഇടുന്നതിന് 5540 രൂപയായിരുന്നത് 7547 രൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം.
സിംഗിൾ ഫേസിൽ 50 മീറ്റർ ലൈനിൽ പോസ്റ്റ് ഇടുന്നതിന് 16,116 രൂപ നൽകണം. 6956 രൂപയാണ് ബോർഡ് അധികം ആവശ്യപ്പെട്ടിരിക്കുന്നത്. എൽ.ടി സിംഗിൾ ഫേസ് ത്രീഫേസ് ആക്കാൻ 1763 രൂപയാണ് വർധന. സിംഗിൾ ഫേസ് മീറ്റർ മാറ്റാൻ 310 രൂപയും ത്രീഫേസ് മീറ്റർ മാറ്റാൻ 406 രൂപയും വർധിപ്പിക്കണം.