തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എൻ1 ഉം എലിപ്പനിയും ബാധിച്ച് നാലു മരണം. എച്ച്1 എൻ1 ബാധിച്ച് രണ്ടുപേരും എലിപ്പനി കാരണം രണ്ടുപേരുമാണ് മരിച്ചത്. 16 പേർക്കാണ് ബുധനാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. തൃശൂർ (1), പാലക്കാട് (1) ജില്ലകളിലാണ് എലിപ്പനി മരണം. പത്തനംതിട്ട ജില്ലയിലാണ് എലിപ്പനി കേസുകൾ കൂടുതൽ; ഒമ്പത് പേർ. അഞ്ചു ദിവസത്തിനിടെ 22 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേർക്ക് എച്ച്1 എൻ1 ഉം സ്ഥിരീകരിച്ചു. എച്ച്1 എൻ1 സംശയവുമായി ചികിത്സതേടിയത് 51 പേരാണ്. ഡെങ്കിക്കേസും ആശങ്കയായി തുടരുകയാണ്. സംസ്ഥാനത്താകെ 56 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 16 ഉം കൊല്ലത്ത് 12 ഉം എറണാകുളം, തൃശൂർ ജില്ലകളിൽ ഒമ്പത് പേർക്ക് വീതവും. സംസ്ഥാനത്താകെ 342 പേർ രോഗബാധ സംശയവുമായും ചികിത്സതേടി.
അതേസമയം, പനിപ്പകർച്ചയിൽ നേരിയ കുറവുണ്ട്. സംസ്ഥാനത്താകെ 105904 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 12000 മുതൽ 13000 വരെയായിരുന്നു. മലപ്പുറത്ത് 1712 പേരാണ് പനിയുമായി ചികിത്സ തേടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 2000ന് മുകളിലായിരുന്നു ജില്ലയിലെ പനിക്കേസ്. കോഴിക്കോട് 1254 ഉം തിരുവനന്തപുരത്ത് 1029 ഉം എറണാകുളത്ത് 925 ഉം പാലക്കാട് 833 ഉം കണ്ണൂരിൽ 799 ഉം കൊല്ലത്ത് 656 ഉം വയനാട്ടിൽ 556 ഉം കോട്ടയത്ത് 529 ഉം പേർക്ക് പനി സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 200 പേർ കിടത്തി ചികിത്സക്കും വിധേയമായി.
മഴ ശക്തമായതതോടെ സംസ്ഥാനത്ത് എലിപ്പനിക്കേസുകൾ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ഈ വർഷം 34 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.