മംഗളൂരു: മഴ ശക്തമായതോടെ നാലു ദിശകളിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെടുത്തി മംഗളൂരു മഹാവീര സർക്കിളിൽ (പമ്പ് വെൽ) വെള്ളപ്പൊക്കം രൂക്ഷം. കാലങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം അകലെയാണ്. ബുധനാഴ്ച ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുളൈ മുഗിലൻ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലും അടിയന്തര പരിഹാരനിർദേശങ്ങൾ ഉണ്ടായില്ല.
ശാശ്വതപരിഹാരത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മംഗളൂരു കോർപറേഷൻ കമീഷണർ സി.എൽ. ആനന്ദ് യോഗത്തിൽ അറിയിച്ചു. താഴ്ന്ന പ്രദേശമായതിനാലും മേൽപാലം നിർമാണം, ദേശീയപാത വികസനം, സ്മാർട്ട് സിറ്റി പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ടുമാണ് മഴവെള്ളം കെട്ടിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെക്ക് കേരളം, വടക്ക് ഉടുപ്പി, മഹാരാഷ്ട്ര, പടിഞ്ഞാറ് മംഗളൂരു, കിഴക്ക് ബംഗളൂരു എന്നിവിടങ്ങളിൽനിന്നും തിരിച്ചും ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്ന കവലയാണ് പമ്പ് വെൽ. നാലു ദിശകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. മംഗളൂരു, മണിപ്പാൽ ആശുപത്രികളിലേക്ക് ആംബുലൻസുകളുടെ സഞ്ചാരവും ഈ വഴിയാണ്.
മംഗളൂരു മേഖലയിൽ മഴ, നാശം
മംഗളൂരു: മംഗളൂരു മേഖലയിൽ കനത്ത മഴയിൽ നാശം. നഗരത്തിലെ വീടുകളിൽ വെള്ളം കയറുന്നതിന് ശമനമായില്ല. പ്രേമ ലേഔട്ടിൽ താമസിക്കുന്ന സോഫ്റ്റ്വെയർ എൻജിനീയർമാരായ പ്രശാന്ത് ഷെട്ടി-ഹർഷിനി ഷെട്ടി ദമ്പതികളുടെ വീടിന്റെ താഴത്തെ നില ബുധനാഴ്ച പൂർണമായി മുങ്ങി.
ബംഗളൂരുവിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും വർക്ക് അറ്റ് ഹോം സംവിധാനത്തിലാണിപ്പോൾ. മുകൾനിലയിൽ മാതാപിതാക്കൾ താമസിക്കുന്നു. 26 വർഷമായി താമസിക്കുന്ന ഈ വീട്ടിൽ ആദ്യമായാണ് വെള്ളം കയറുന്നതെന്ന് പ്രശാന്ത് ഷെട്ടി പറഞ്ഞു. കൊട്ടാര ചൗക്കി മേഖലയിൽ ഈ വീടിനു പുറമെ നിരവധി പാർപ്പിടങ്ങൾ വെള്ളത്തിലാണ്.തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഉള്ളാളിൽ വീട് തകർന്നു. ഉള്ളാൾ സോമേശ്വര റെയിൽവേ സ്റ്റേഷനു പിറകിലെ എ.എൻ. ശോഭയുടെ വീടാണ് നിലംപൊത്തിയത്. ശോഭ ബന്ധുവീട്ടിൽ അഭയം തേടി.
കനത്ത മഴയിൽ രണ്ടുപേർ മരിച്ചു
മംഗളൂരു: കനത്ത മഴയിൽ രണ്ടുപേർ മരിച്ചു. ഉള്ളാൾ സോമേശ്വരയിൽ വാടക വീട്ടിൽ താമസിക്കുന്ന കെ. സുരേഷ് ഗട്ടി (52) ഓവുപാലത്തിൽനിന്ന് തെന്നിവീണ് ഒഴുക്കിൽപെട്ട് മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ്. സംഭവസ്ഥലവും വീടും തഹസിൽദാർ പ്രഭാകർ ഖർജുരെ, റവന്യൂ ഇൻസ്പെക്ടർ കെ.എച്ച്. മഞ്ചുനാഥ് എന്നിവർ സന്ദർശിച്ചു. ഗട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അവർ അറിയിച്ചു.
കുന്താപുരത്ത് മഴവെള്ളം കുത്തിയൊലിക്കുന്ന റോഡിലൂടെ സ്കൂട്ടർ ഓടിക്കുന്നതിനിടെ തെന്നി തടാകത്തിൽ വീണ് യുവാവ് മരിച്ചു. മനൂർ തെക്കട്ടെയിലെ ഹള്ളിമനെ ഹോട്ടൽ കാഷ്യർ കെ.വി. ദിനകർ ഷെട്ടിയാണ് (46) മരിച്ചത്. വീട്ടിലേക്ക് വരുന്നു എന്നറിയിച്ച് ഏറെ നേരമായിട്ടും എത്താത്തതിനെത്തുടർന്ന് ഭാര്യ ഷീല അയൽക്കാരെ അറിയിക്കുകയായിരുന്നു. കൊട പൊലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.