കോഴിക്കോട്: കലിതുള്ളി പെയ്യുന്ന കാലവർഷത്തിൽ ജില്ലയിൽ വ്യാപക നാശം. ചൊവ്വാഴ്ച പുഴയിൽ കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നതിനിടെ ബുധനാഴ്ച രണ്ടുപേരെക്കൂടി കാണാതായി. ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ. ഉസ്സൻകുട്ടിയെയാണ് (65) ചൊവ്വാഴ്ച കാണാതായത്.
ഇദ്ദേഹത്തിനായി പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമെല്ലാം തിരച്ചിൽ തുടരുന്നതിനിടെ ബുധനാഴ്ച അഴിയൂർ കോറോത്ത് റോഡിൽ സലീഷ് കുമാറിയെും (42), ചോറോട് പുളിയുള്ളതിൽ ബിജീഷിനെയുമാണ് (22) കാണാതായത്. സലീഷിനെ വീട്ടിൽനിന്ന് കാണാതായതിനുപിന്നാലെ ഇദ്ദേഹത്തിന്റെ ചെരിപ്പും മറ്റും മോന്തോൽ കടവിൽ കണ്ടതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
ചോറോട് എൻ.സി കനാലിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണാണ് ബിജീഷിനെ കാണാതായത്. എടച്ചേരി പൊലീസും അഗ്നിരക്ഷാസേനയും ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം വീടുകൾകൂടി തകർന്നു. മരങ്ങൾ കടപുഴകിയാണ് മിക്ക വീടുകൾക്കും കേടുപാടുണ്ടായത്. ആളപായമില്ല. മരങ്ങൾ വൈദ്യുതി കമ്പികളിലേക്കും പോസ്റ്റിലേക്കും ട്രാൻസ്ഫോർമറുകൾക്ക് മുകളിലേക്കും വീണ് നിരവധി ഭാഗങ്ങളിൽ വൈദ്യുതിബന്ധം നിലച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുണ്ടായത്. വാഴ ഉൾപ്പെടെ പലഭാഗത്തും കൃഷി നശിച്ചിട്ടുമുണ്ട്. നിരവധി ഭാഗങ്ങളിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി ഗതാഗത തടസ്സവുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിനടിയിലാണ്. തീരജനത കടൽക്ഷോഭ ഭീതിയിൽ കഴിയുകയാണ്. നിരവധി വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. ഉറുമി ചെറുകിട വൈദ്യുതിയിൽ പെൻ സ്റ്റോക്ക് പൊട്ടി വൻ നഷ്ടമുണ്ടായി.
ഉണ്ണികുളം പഞ്ചായത്ത് എട്ടാം വാർഡ് എസ്റ്റേറ്റ്മുക്ക് പയ്യാപറമ്പിൽ സിദ്ദീഖിന്റെ വീടിനു മുകളിലേക്ക് കരിങ്കൽഭിത്തി ഇടിഞ്ഞുവീണു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ റഷീദിന്റെ വീടിന്റെ മതിലാണ് തകർന്നുവീണത്. വീടിന്റെ ചുമരിന് വിള്ളലുണ്ടാവുകയും മെയിൻ സ്ലാബ് ഭാഗികമായി തകരുകയും ചെയ്തു. ഒളവണ്ണ പഞ്ചായത്ത് 17ാം വാർഡിൽ ഭൂഖണ്ഡപുരം കല്ലിങ്ങൽ സിറോസിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു.
നടുവണ്ണൂർ കാവിൽ എ.എം.എൽ.പി സ്കൂളിന് തൊട്ടടുത്ത് കനാൽ റോഡിൽ വൻ മരം കടപുഴകി ഗതാഗതക്കുരുക്കുണ്ടായി. ഈ ഭാഗത്തേക്കുള്ള ത്രീ ഫേസ് ലൈനും അറ്റുവീണു. കടലുണ്ടിക്കടവ് മുതൽ കടുക്ക ബസാർവരെ വീട്ടുവളപ്പുകളിലേക്ക് കടൽവെള്ളം കയറി. ചില വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. കടലുണ്ടി റെയിൽവേ സ്റ്റേഷനടുത്ത് കൂറ്റൻ മരം വീണ് മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു.
അഴിഞ്ഞിലം, പാറമ്മൽ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെറുവണ്ണൂർ-കൊളത്തറ റോഡിൽ ഗതാഗതം ദുഷ്കരമായി. വടകര ഗവ. ജില്ല ആശുപത്രിയുടെ മതിൽ 50 മീറ്ററോളം തകർന്നു. മാവൂർ കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ച താൽക്കാലിക വീട് തകർന്നു. നന്മണ്ട ആറാം വാർഡ് മടവൻകണ്ടി മാധവിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി.
കൊടിയത്തൂർ ചെറുവാടി അഞ്ചുകണ്ടത്തിൽ അബ്ദുൽ ഹക്കീമിന്റെ വീടിനു മുകളിലേക്ക് ഇരുമ്പിന്റെ വൈദ്യുതി തൂണ് വീണ് കേടുപാടുണ്ടായി. ആറുവരിപ്പാത പ്രവൃത്തി പുരോഗമിക്കുന്ന നന്തിബസാർ-മൂരാട് ഭാഗത്ത് വൻ വെള്ളക്കെട്ടും റോഡ് തകർച്ചയും കാരണം ഗതാഗതക്കുരുക്കിൽപെട്ട് യാത്രക്കാർ ദുരിതത്തിലായി.
പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും ടൗണിന് വടക്കുഭാഗത്തും പൊലീസ് സ്റ്റേഷന് മുന്നിലും വലിയ വെള്ളക്കെട്ടുണ്ട്. മൂരാട് പാലത്തിലെ ഗതാഗതക്കുരുക്കും മഴയിൽ രൂക്ഷമായി.
മഴ: ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
കോഴിക്കോട്: മഴ ശക്തമായി വെള്ളം കയറിയ സാഹചര്യത്തില്‍ കക്കയം, തോണിപ്പാറ, തുഷാരഗിരി, കരിയാത്തുംപാറ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ച് ജില്ല കലക്ടർ എ. ഗീത ഉത്തരവിട്ടു.
മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുടര്‍ച്ചയായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിലെ ബീച്ചുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.