കൊയിലാണ്ടി: വൈകിയെത്തി തിമിർത്താടുന്ന കാലവർഷം നാശംവിതച്ചു. പല സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായി. ഫലവൃക്ഷങ്ങൾ വീടുകൾക്കു മുകളിൽ കടപുഴകി.
കൊയിലാണ്ടി വിയ്യൂരിൽ അട്ടവയലിൽ പ്രഭാകരൻ, ലീല പുന്നക്കൽ, കുറ്റിയത്തുതാഴ ശശിധരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. 16 വീടുകൾ വെള്ളം കയറൽ ഭീഷണിയിലാണ്. പാലാടൻ കണ്ടി മീത്തൽ സുരേന്ദ്രന്റെ വീട്ടുമതിൽ മഴയിൽ തകർന്നു. ഓവുചാലിന്റെ അഭാവമാണ് വെള്ളക്കെട്ടിനു കാരണം. ബൈപാസ് നിർമാണം നടക്കുകയാണ് ഈ ഭാഗത്ത്. ഇതുകാരണം നേരത്തെ വെള്ളം ഒഴുകിപ്പോയ ഇടങ്ങൾ അടഞ്ഞുകിടക്കുകയാണ്. വീടുകൾക്കുചുറ്റും വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ദേശീയപാത വെള്ളത്തിൽ മുങ്ങി; ഗതാഗതതടസ്സമൊഴിവാക്കി നാട്ടുകാർ
പയ്യോളി: ദേശീയപാത വെള്ളത്തിൽ മുങ്ങിയപ്പോൾ ഗതാഗതതടസ്സം ഒഴിവാക്കാനെത്തിയത് നാട്ടുകാർ. പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂളിന് വടക്ക് ഭാഗത്താണ് വൻ വെള്ളക്കെട്ട് ചൊവ്വാഴ്ച രാത്രി മുതൽ രൂപപ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡും പഴയ ദേശീയപാതയുമാണ് അമ്പതു മീറ്ററോളം ദൂരത്തിൽ വെള്ളത്തിൽ മുങ്ങിപ്പോയത്. ചൊവ്വാഴ്ച രാത്രി കാർ യാത്രക്കാർ ഭാഗ്യംകൊണ്ടാണ് മുങ്ങിയ കാറിൽനിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ സ്വകാര്യ ബസും വെള്ളക്കെട്ടിൽ കുടുങ്ങി എൻജിൻ ഓഫായിരുന്നു. നാട്ടുകാർ സംഘടിച്ചാണ് കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡ് വഴി വാഹനങ്ങൾ ഓരോന്നായി കടത്തിവിട്ടത്.
രാവിലെ എട്ടു മുതൽ ഉച്ചക്ക് മൂന്നര വരെ പ്രദേശത്തെ യുവാക്കൾ ഇടപെട്ട് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തിട്ടും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബാസിത്, ഋത്വിൻ, കമറുദ്ദീൻ, നജ്മു, അശ്കർ, ഇർഫാൻ, കെ.വി.പി. ഷാജഹാൻ, മൻസൂർ തിക്കോടി, സിറാജ്, ഇ. റഹീം, കബീർ കോട്ടക്കൽ, ഫിറോസ്, കബീർ പയ്യോളി എന്നിവരാണ് യാത്രക്കാർക്ക് രക്ഷകരായത്. വൈകീട്ട് നാലോടെയാണ് കരാറുകാരായ വാഗഡ് കമ്പനി അധികൃതർ എത്തി വെള്ളക്കെട്ടിന് മുകളിൽ മെറ്റലും മണലും പാകി താൽക്കാലിക സംവിധാനം ഒരുക്കിയത്.
കാപ്പാട്ട് കടലാക്രമണം രൂക്ഷം; തീരദേശ റോഡ് തിരയടിച്ച് തകർന്നു
ചേമഞ്ചേരി: വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് മേഖലയിൽ കടൽ പ്രക്ഷുബ്ധം. ശക്തമായി ആഞ്ഞടിച്ച തിര പലഭാഗത്തും കടൽഭിത്തി കവർന്നു. തീരദേശ റോഡും വൻ നാശത്തെ നേരിടുകയാണ്. പൊയിൽക്കാവുമുതൽ കാപ്പാട് പാറ വരെ 750 മീറ്റർ നീളത്തിൽ റോഡ് പാടേ തകർന്നു.
ഈഭാഗം തീർത്തും ഗതാഗതയോഗ്യമല്ലാതായി. കഴിഞ്ഞവർഷത്തെ കടൽക്ഷോഭത്തിൽ തീരദേശ റോഡിന് കനത്തനഷ്ടം സംഭവിച്ചിരുന്നു. ഇവ തകർന്നുതന്നെ കിടക്കുകയാണ്. അതിനിടെയാണ് വീണ്ടും തകർച്ച. തിരകൾ അതിശക്തമായാണ് കരയിലേക്ക് ആഞ്ഞുപതിക്കുന്നത്.