പത്തനംതിട്ട: ഇടതടവില്ലാത്ത മഴയെത്തുടർന്ന് ജില്ല പ്രളയഭീതിയിൽ. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴ 107മില്ലീമീറ്ററാണ്. ഇതുവരെ 27 ക്യാമ്പുകള്‍ തുറന്ന് 600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കോഴഞ്ചേരി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 41 പേരും മല്ലപ്പള്ളിയില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ലയില്‍ 15 ക്യാമ്പുകളിലായി 365 പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയില്‍ ഏഴും മല്ലപ്പള്ളിയില്‍ 51 ഉം തിരുവല്ലയില്‍ 113 ഉം കുടുംബങ്ങൾ ക്യാമ്പുകളിലുണ്ട്.
മഴയിൽ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ അഞ്ചും കോന്നിയില്‍ ആറും റാന്നിയില്‍ രണ്ടും തിരുവല്ലയില്‍ മൂന്നും വീടുകള്‍ക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്. നിരണം പനച്ചിമൂട് എസ് മുക്ക് ജങ്ഷനിൽ സി.എസ്.ഐ സഭയുടെ 135 വർഷം പഴക്കമുള്ള പുരാതന ആരാധനാലായം ബുധനാഴ്ച രാവിലെ തകർന്നു വീഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ടും മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
സീതത്തോട് വാലുപാറ എള്ളുംകാലായിൽ യോഹന്നാൻ സ്ഖറിയയുടെ വീടിന്റെ സംരക്ഷണഭിത്തി പഞ്ചായത്ത് റോഡിലേക്ക് ഇടിഞ്ഞു വീണു. മാലക്കര -കിടങ്ങന്നൂർ റോഡിൽ കുറിച്ചിമുട്ടം കൈത്തോട്ടാ ഭാഗത്ത് റോഡിൽ വെള്ളം കയറി. ജില്ലകളിലുടെ കടന്നുപോകുന്ന സംസ്ഥാന പാതകളും വെള്ളകെട്ടിലാണ്. പുറമറ്റം, വെണ്ണിക്കുളം റോഡിലും വെള്ളം കയറിയിട്ടുണ്ട്.മഴക്കെടുതിയിൽ ജില്ലയിൽ കഴിഞ്ഞദിവസം ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. അടൂരിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറായ വിമുക്ത ഭടൻ തട്ടമല്ലിക മിനി ഭവനിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് (53) മരിച്ചത്.
ജില്ലയിൽ മൂന്നു ദിവസങ്ങളിലായി ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച യെല്ലോ അലര്‍ട്ടായി മാറുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ബുധനാഴ്ച പെയ്ത മഴയുടെ അളവ് വളരെ കുറവാണ്. രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ പെയ്തത് 3.9 മില്ലീമീറ്റർ മഴയാണ്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.തിരുവല്ല മതിൽ ഭാഗത്തെ ഡി.ടി.പി.സി സത്രത്തിൽ ക്യാമ്പ് ചെയ്യുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ 27 അംഗം സംഘം ജില്ലയിലെമ്പാടും സഹായത്തിനെത്തും. നാലു രക്ഷാബോട്ടുകൾ, മൂന്നു വാഹനങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്.