മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികൾ കരകവിയാൻ തുടങ്ങിയതോടെ തീര പ്രദേശങ്ങളിലുള്ളവർ ആശങ്കയിൽ. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നു. പമ്പയുടെയും, മണിമലയാറിന്റെയും തീരപ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.
പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്ന് മാരാമൺ കൺവെൻഷൻ റോഡിൽ വെള്ളം കയറി. കോഴഞ്ചേരി പള്ളിയോടപ്പുരയിലേക്ക് വെള്ളം കയറുകയാണ്. സമീപത്തെ വീടുകളിലേക്കും വെള്ളം കയറും. മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നതോടെ ജലനിരപ്പ് ഉയർന്നേക്കാം.
മണിമലയാറ്റിലെ ജലനിരപ്പ് അപകടനില താണ്ടി. പീരുമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നുള്ള ജലമാണ് മണിയാറിലുള്ളത്. അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടനിലയിലാണ്. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ് വേ വെള്ളത്തിനടിയിലാണ്. നദികളിൽ വെള്ളം ഉയർന്ന് ഭീഷണിയിലേക്ക് നീങ്ങുമ്പോഴും ജില്ലയിലെ കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷിയിൽ തുടരുകയാണ്. മണിയാര്‍ ഡാമില്‍ നാല് സ്പില്‍വേകള്‍ തുറന്നു. കഴിഞ്ഞ മാസങ്ങളില്‍ ആവശ്യാനുസരണം സ്പില്‍വേകള്‍ തുറന്നിരുന്നു.
കിഴക്കൻ വനമേഖലയിൽ കനത്ത മഴപെയ്യുന്നുണ്ട്. തോടുകളിലും പാടശേഖരങ്ങളിലും ഇതോടെ ജലനിരപ്പ് ഉയർന്നു. അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടങ്ങളിൽ റോഡുകളിലും വെള്ളം കയറി.