പന്തളം: അതിശക്തമായ മഴ തുടരുന്നതിനാൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും മഴ ശക്തിപ്പെട്ടതുമാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം. എന്നാൽ അപകടകരമായ നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല.
ഞായറാഴ്ച രാത്രിയിൽ തുടങ്ങിയ മഴ രണ്ട് ദിവസമായി തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫയർ ഫോഴ്സ് സംഘം പന്തളത്ത് പ്രളയ സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു. കൂടാതെ റവന്യൂ വകുപ്പും പൊലീസും പന്തളം നഗരസഭയും സ്ഥിതി ഗതികൾ വിലയിരുത്തി.
പന്തളത്ത് ആദ്യം വെള്ളം കയറുന്ന മുടിയൂർക്കോണം, തോട്ടക്കോണം ചേരിക്കൽ, കടയ്ക്കാട് ഭാഗത്തും അച്ചൻകോവിലാറിന്റെ തീരങ്ങളിലും മഴ തുടർന്നാൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരും. കഴിഞ്ഞ രാത്രിയിൽ പന്തളം, തോട്ടക്കോണം, മുളയക്കാം വട്ടത്ത് സരോജിനിയമ്മയുടെ തൊഴുത്ത് മരം വീണ് പൂർണമായി തകർന്നു.
പന്തളം, തോട്ടക്കോണം, ഗൗരിസദനത്തിൽ ഓമനക്കുട്ടൻ” തോട്ടക്കോണം വഴണിയ്ക്കാക്കുഴിയിൽ വിനായകൻ എന്നിവരുടെ കുലച്ച ഏത്തവാഴകൾ നശിച്ചു. കാറ്റിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. അച്ചൻകോവിലാറ്റിൽ കലക്കവെള്ളം കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണപ്പെട്ടു. കിഴക്കൻവെള്ളം എത്തുമ്പോഴാണ് വെള്ളത്തിന് നിറവ്യത്യാസമുണ്ടാകുന്നതെന്ന് തീരവാസികൾ പറഞ്ഞു.
പന്തളം നഗരസഭയിൽ 24 മണിക്കൂറും വാർ റൂം
പന്തളം: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാക്കി പന്തളം നഗരസഭ. മൂന്ന് ഡ്രൈവർമാരും രണ്ട് ഉദ്യോഗസ്ഥരും ഇവിടെ ജോലിയിലുണ്ടാകും. രണ്ട് ആംബുലൻസ് സജ്ജമാക്കി. വിവരങ്ങൾ കൈമാറാൻ വിവിധ വകുപ്പുകളെയും കൗൺസിലർമാരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് തുടങ്ങും.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ അടിയന്തര യോഗം വിളിച്ചാണ് നഗരസഭ പരിധിയിൽ നടപ്പാക്കേണ്ട കാര്യങ്ങൾ തീരുമാനിച്ചത്. മുൻവർഷങ്ങളിൽ ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ സജ്ജീകരിക്കുക, വള്ളങ്ങൾ രജിസ്ട്രേഷൻ നടത്തി ഉപയോഗിക്കാൻ പാകത്തിലാക്കുക, കാറ്റിൽ വീഴാനിടയുള്ള ബോർഡുകൾ നീക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക, ജലനിരപ്പ് ഉയർന്നാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ അനൗൺസ്മെന്റ് നടത്തുക തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങൾ.
അതിനിടെ, വെള്ളം ഉയരാൻ സാധ്യതയുള്ള മേഖലകൾ കൗൺസിലർമാരും ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. അടിയന്തര ഘട്ടങ്ങളിൽ വെള്ളപ്പൊക്കം നേരിടാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.