തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. 3 ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കേസിന്റെ വിചാരണ തീയതി നിശ്ചയിക്കാൻ ചൊവ്വാഴ്ച കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. മന്ത്രി വി.ശിവൻകുട്ടിയും എൽഡിഎഫ് നേതാക്കളുമാണ് കേസിലെ പ്രതികൾ. നിയമസഭാ കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി വരെ പോയിട്ടും നടക്കാത്തതിനെ തുടർന്നാണ് യുഡിഎഫ് നേതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ചേർക്കാൻ തുടരന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയാനും വിചാരണ തീയതി നിശ്ചയിക്കാനും കോടതി ചൊവ്വാഴ്ച ചേർന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. അനുബന്ധ കുറ്റപത്രം സമർപിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സഭയിലെ കയ്യാങ്കളിക്കിടെ തങ്ങൾക്ക് പരുക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എംഎൽഎമാരായ ജമീല പ്രകാശവും കെ.കെ.ലതികയും കോടതിയെ സമീപിച്ചിരുന്നു. പരുക്കു പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു.
തുടർന്നാണ്, ഉപാധികളോടെ തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയത്. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.