പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ‘ത്രെഡ്സ്’ അവതരിപ്പിച്ച് മെറ്റ. നാലു മണിക്കൂറിൽ 50 ലക്ഷം പേരാണ് പ്ലാറ്റ്ഫോമിൽ സൈൻ അപ്പ് ചെയ്തത്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വാട്സ് ആപ്പിനും ശേഷമാണ് മാർക്ക് സക്കർബർഗ് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.പ്രധാനമായും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരക്കാരനായാണ് ത്രെഡ്സിന്‍റെ രംഗപ്രവേശനം. അവതരിപ്പിച്ച് ആദ്യത്തെ രണ്ടു മണിക്കൂറിൽ 20 ലക്ഷം പേർ സൈൻ അപ്പ് ചെയ്തതായി മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് പോസ്റ്റ് ചെയ്തു. നാലു മണിക്കൂറിൽ 50 ലക്ഷം സൈൻ അപ്പ് പിന്നിട്ടെന്നും അദ്ദേഹം പിന്നീട് അപ്ഡേറ്റ് ചെയ്തു.
ഇന്‍സ്റ്റഗ്രാമിന് കീഴിലാണ് ത്രെഡ്സ് എത്തിച്ചിരിക്കുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ത്രെഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിലവിൽ നൂറിലേറെ രാജ്യങ്ങളില്‍ ആപ്പ് ലഭിക്കും. പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാനും സാധിക്കും.
പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകൾ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്സിൽ പരമാവധി എഴുതാനാകുക. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളും പങ്കുവെക്കാനാകും. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക്, ത്രെഡ്സിൽ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇൻ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആപ്പിൽ പ്രവേശിക്കാവുന്നതാണ്. ട്വിറ്ററിന് സമാനമായ രൂപത്തിലുള്ള ആപ്പ് ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.