ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തില്‍ യുവാവിന്റെ കാല്‍ കഴുകി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ശിവരാജ് സിങ് ചൗഹാന്‍ യുവാവിന്റെ കാല്‍ കഴുകിയത്. യുവാവിന്റെ കാല്‍ കഴുകുകയും കഴുത്തില്‍ മാല ചാര്‍ത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
”ആ വീഡിയോ കണ്ടപ്പോള്‍ വേദന തോന്നി. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു”- മുഖ്യമന്ത്രി ദഷ്മത് റാവത്തിനോട് പറഞ്ഞു. മുഖ്യമന്ത്രി ദഷ്മതിന്റെ കാല്‍ കഴുകി നെറ്റിയില്‍ തിലകവും കഴുത്തില്‍ മാല ചാര്‍ത്തുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. നേരത്തെ ഭോപ്പാലിലെ സ്മാര്‍ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈ നട്ടിരുന്നു. മധ്യപ്രദേശിലെ സിദ്ധിയില്‍ പ്രവേശ് ശുക്ല എന്നയാള്‍ യുവാവിന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. മൂന്ന് മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.