കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേയ്ക്കു മാറ്റി. നാളെ രാവിലെ 10.15ന് ഹൈക്കോടതി നേരിട്ടു വിശദമായ വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും ജസ്റ്റിസ് ടി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ച് വാദം കേൾക്കുക. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റി വച്ചത്. ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ മറുപടി നൽകേണ്ടതുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിശദമായ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ അന്വേഷണ സംഘത്തിനു വേണ്ടി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ നിലപാട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തിവിരോധം തീർക്കുകയാണ് എന്നും ദിലീപിന്റെ ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കൂടി പരിശോധിച്ച ശേഷമാകും ഹൈക്കോടതി തീരുമാനം എടുക്കുക.